കവിതയുമായി ഗോപിയാശാന്റെ 
രംഗപ്രവേശം



തൃശൂർ  കളിയരങ്ങിൽ നളനായും അർജുനനായും തിളങ്ങിയ കലാമണ്ഡലം ഗോപി കവിതയുടെ വഴികളിലേക്കും രംഗപ്രവേശം നടത്തി. കഥകളി വേഷങ്ങൾക്ക്‌ മഹാമാരി തടയിട്ടപ്പോൾ ആശാൻ വെറുതെയിരുന്നില്ല.  ജീവിതം കോർത്തിണക്കിയ രചനകളുമായി അമ്മയെന്ന ആദ്യകവിതാസമാഹാരം പിറന്നു.  അമ്മയെന്ന ആദ്യകവിതയിൽ ബാല്യത്തിലേ അമ്മ വേർപ്പെട്ടതിന്റെ വേദനകളാണ്‌ ആശാൻ പങ്കുവയ്‌ക്കുന്നത്‌. ‘കഷ്ടമെൻ മാതാവാട്ടെ.. കുട്ടിയാമ്മെന്നെ വിട്ടു... പെട്ടെന്ന്‌ മറഞ്ഞുപോയ്‌... പട്ടടയ്‌ക്കുള്ളിൽ കഷ്‌ടം..’ എന്നു തുടങ്ങുന്ന ഈ കവിതയിൽ അമ്മത്തണൽ നിറഞ്ഞു നിൽക്കുന്നു.  കലാമണ്ഡലത്തിലെ അരങ്ങേറ്റത്തെക്കുറിച്ചും കൊറോണ കാലത്തെ ദുരിതവുമെല്ലാം കവിതയായ്‌ പിറന്നു.  സാധാരണക്കാർക്ക്‌ എളുപ്പം മനസ്സിലാക്കാൻ കഴിയുംവിധമാണ്‌ രചന.      ഭക്തകുചേലൻ, കർണൻ, പ്രണയിനീ സ്വയംവരം തുടങ്ങി കവിതകളിൽ കഥകളി ബിംബങ്ങൾ കാണാം. ദിവ്യാംഗന കവിത ആട്ടക്കഥയാക്കി ഉപയോഗപ്പെടുത്താവുന്നതാണ്‌. കോവിഡ്‌ കാലത്ത്‌ കഥകളി അരങ്ങുകൾ ഇല്ലാതായതോടെ കവിതാ രചനയിൽ മുഴുകുകയായിരുന്നുവെന്ന്‌ കലാമണ്ഡലം ഗോപി പറഞ്ഞു.  പലതും മാസികകളിലും പ്രസിദ്ധീകരിച്ചു. എന്നാൽ പുസ്‌തകമാക്കിയിരുന്നില്ല. പലരും നിർബന്ധിച്ചതോടെ എല്ലാം ചേർത്തുവച്ച്‌ പുസ്‌തകമാക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News