പ്രായം തടസ്സമല്ല; പൊന്നു വിളയിക്കാൻ

ചാത്തുണ്ണി വാഴത്തോട്ടത്തില്‍


ചാലക്കുടി എഴുപത്തിയൊന്നാം വയസ്സിലും ചാത്തുണ്ണിക്ക് പ്രിയം കൃഷിപ്പണിയോട്. അവസരങ്ങൾ ഏറെ വന്നിട്ടും കൃഷി ഉപേക്ഷിക്കാതെ മണ്ണിൽ ഉറച്ചുനിന്ന കർഷകൻ. കാർഷികമേഖലയിൽ അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും ഒരിക്കൽപോലും മടുപ്പുതോന്നിയിട്ടില്ലെന്ന് വി ആർ പുരം കാരകുളത്തുനാട് മഠത്തിപ്പറമ്പിൽ ചാത്തുണ്ണി പറയുന്നു.  കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് കൃഷിനാശം സംഭവിച്ചപ്പോഴും സ്വയം പഴിച്ചില്ല. കനത്ത നഷ്ടത്തിൽ ദുഃഖിച്ചിട്ടുമില്ല. കാരകുളത്തുനാട്ടിൽ പാട്ടത്തിനെടുത്ത എട്ടേക്കറിലാണ് കൃഷി. ഇതിൽ അഞ്ച് ഏക്കർ സ്ഥലത്ത് നെൽകൃഷിയാണ്. കരഭൂമിയിൽ വാഴ, പയർ, പാവലം, പടവലം, കുക്കുമ്പർ, കുമ്പളം, പീച്ചിങ്ങ, ചീര, വെണ്ട തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. വാഴകൃഷിയും പച്ചക്കറി കൃഷിയും ഒറ്റയ്‌ക്കാണ് ചെയ്യുന്നത്. വാഴകൃഷിക്ക് വാരമെടുക്കാൻ ഹിറ്റാച്ചി ഉപയോഗിക്കുന്നതും വളമിടുന്ന സമയത്ത് ഒരാളെ സഹായത്തിന് കൂട്ടുന്നതുമൊഴിച്ചാൽ ബാക്കി പണികളെല്ലാം ചാത്തുണ്ണി ഒറ്റയ്‌ക്ക്‌. കായക്കുലകളും പച്ചക്കറികളും തോട്ടത്തിൽനിന്ന്‌ മാർക്കറ്റിലെത്തിക്കുന്നതും പരസഹായമില്ലാതെ.  രാവിലെ ആറിന്‌ വീട്ടിൽനിന്നിറങ്ങിയാൽ വൈകിട്ട് 6.30നാണ് മടക്കം. അതിനിടെ ഭക്ഷണവുമായി ഭാര്യ രാധ എത്തും. കൃഷി വലിയ ലാഭകരമല്ലെങ്കിലും മനസ്സിനും ശരീരത്തിനും ഉണർവ് നൽകുമെന്ന് ചാത്തുണ്ണി. സൂക്ഷിച്ചുവയ്ക്കുന്നതിന് പുറമെ കൂടപ്പുഴ ഫാമിൽനിന്ന്‌ വാങ്ങുന്ന വിത്തുകളാണ് ഉപയോഗിക്കുന്നത്. ജൈവവളത്താൽ സമ്പന്നമാണ് ചാത്തുണ്ണിയുടെ തോട്ടങ്ങൾ. ആഴ്ചകൾക്കു മുമ്പ് കൃഷിയിടത്തിൽ വെള്ളം കയറിയതോടെ ഓണവിപണി ലക്ഷ്യമിട്ട് ഒരുക്കിയ പച്ചക്കറികളും നേന്ത്രക്കായകളും കാര്യമായി നശിച്ചു. വിളവെടുപ്പിന് പാകമായ അഞ്ഞൂറോളം നേന്ത്രക്കുലകളാണ്‌  നശിച്ചത്.   2018ലെ മഹാപ്രളയത്തിൽ കനത്ത നഷ്ടമാണ് ചാത്തുണ്ണിക്കുണ്ടായത്. എന്നാൽ, മണ്ണിനോടുള്ള ചാത്തുണ്ണിയുടെ സ്‌നേഹം ഇതിനെയെല്ലാം അതിജീവിച്ചു. സമഗ്ര കർഷകൻ, നല്ല കർഷകൻ തുടങ്ങി നിരവധി ബഹുമതികളും ചാത്തുണ്ണിയെ തേടിയെത്തിയിട്ടുണ്ട്. Read on deshabhimani.com

Related News