അഷ്ടമിരോഹിണി വർണാഭം; ഗുരുവായൂർ നൃത്ത, സംഗീത സമൃദ്ധം

അഷ്ടമി രോഹിണിയോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന കാഴ്ചശീവേലിയും പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള മേളവും


ഗുരുവായൂർ ഗുരുവായൂരിനെ അമ്പാടിയാക്കി   ഗുരുവായൂരിൽ അഷ്ടമിരോഹിണി ആഘോഷം. ക്ഷേത്രത്തിൽ രാവിലെയും ഉച്ചതിരിഞ്ഞും മൂന്നാനകളോടെ നടന്ന കാഴ്ചശീവേലിക്ക് സ്വർണക്കോലമെഴുന്നള്ളിച്ചു..  മോഴയാന ബാലകൃഷ്ണൻ   സ്വർണക്കോലമേറ്റി. കൊമ്പന്മാരായ ഗോകുലും  കൃഷ്ണനാരായണനും പറ്റാനകളായി. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളവും അരങ്ങേറി. ഉച്ചതിരിഞ്ഞ്   പഞ്ചവാദ്യവും  സന്ധ്യക്ക്   തായമ്പകയും അരങ്ങേറി. നെന്മിനി ബലരാമക്ഷേത്രത്തിൽനിന്ന് ഗുരുവായൂരിലേക്കുള്ള സഹോദരസംഗമ ശോഭയാത്രയ്ക്ക് മേളം അകമ്പടിയായി. വിഭവ സമൃദ്ധമായ പിറന്നാൾ സദ്യയും ദേവസ്വം ഒരുക്കി.  രാവിലെ ഒമ്പതിന്   മമ്മിയൂർ ക്ഷേത്രാങ്കണത്തിൽനിന്നും ഉറിയടി, ഗോപികാനൃത്തം,  കണ്ണനും ഗോപികമാരും അണിനിരക്കുന്ന ഘോഷയാത്ര ആരംഭിച്ചു.  മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ എട്ടിന് ബ്രഹ്മം ഭജൻസിന്റെ നാമസങ്കീർത്തനത്തോടെയാണ് കലാപരിപാടികൾക്ക് തുടക്കം.  കലാമണ്ഡലം കെ ആർ  പരമേശ്വരന്റെ ഓട്ടൻതുള്ളൽ, ബിന്ദുലക്ഷ്മിയും സംഘവും അവതരിപ്പിച്ച  കൃഷ്ണഗാഥ- നൃത്താവിഷ്‌കാരം എന്നിവയും നടന്നു.  വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്‌കാരം കലാമണ്ഡലം നാരായണൻ നമ്പീശന് മന്ത്രി   സമ്മാനിച്ചു. രാത്രി പുരസ്‌കാര ജേതാവിന്റെ നേതൃത്വത്തിൽ പഞ്ചമദ്ദള കേളി, കലാമണ്ഡലം രാമചാക്യാരുടെ ചാക്യാർക്കൂത്ത്, ദേവസ്വം കലാനിലയത്തിന്റെ ‘അവതാര’കൃഷ്ണനാട്ടം എന്നിവയുണ്ടായി. അഷ്ടമിരോഹിണിയുടെ ഭാഗമായി ക്ഷേത്രം ആധ്യാത്മികഹാളിൽ ഭക്തി പ്രഭാഷണങ്ങൾ നടന്നു.  രാത്രി ഗുരുവായൂർ ദേവസ്വം  കലാകാരന്മാർ അവതരിപ്പിച്ച അവതാരം കൃഷ്ണനാട്ടം കളിയും അരങ്ങേറി. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ  നേതൃത്വം നൽകി.​ ഗുരുവായൂർ എസിപി കെ ജി സുരേഷ്, ടെമ്പിൾ സ്റ്റേഷൻ ഓഫീസർ സി പ്രേമാനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങളൊരുക്കി. Read on deshabhimani.com

Related News