പുഴുവരിക്കുന്ന ഭക്ഷണം വിളമ്പി; 
നടപടിയെടുക്കാതെ അധികൃതർ



ചാലക്കുടി പുഴുവരിക്കുന്ന ഭക്ഷണം വിളമ്പിയ തട്ടുകട ഉടമക്കെതിരെ നടപടിയെടുക്കാതെ നഗരസഭാ ഭരണസമിതിയും ആരോഗ്യ വിഭാഗവും. നഗരസഭ ഓഫീസിന് സമീപം ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന തട്ടുകടയിലാണ് പുഴുവരിക്കുന്ന ഇറച്ചി വിളമ്പിയത്. സമൂഹമാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ് പ്രശ്‌നം വിവാദമായത്. എന്നാൽ വിവരമറിഞ്ഞിട്ടും നഗരസഭ ആരോഗ്യവിഭാഗം നടപടിയെടുക്കുന്നില്ല.  27നാണ് നഗരസഭയിൽ പെയിന്റിങ്ങിനെത്തിയ തൊഴിലാളികൾ തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങികഴിച്ചത്.  കാടയിറച്ചിയിലാണ് നിറയെ പുഴുക്കളെ കണ്ടത്. ഭക്ഷണം കഴിക്കുന്നതിനിടെ കയ്യിലേക്ക് എന്തോ ഇഴയുന്നത് പോലെ തോന്നിയ ജീവനക്കാരൻ നോക്കിയപ്പോഴാണ് പുഴുവിനെ കണ്ടത്. സംശയം തോന്നിയ ജീവനക്കാർ വീണ്ടും കടയിലെത്തി മൂന്ന് കാട റോസ്റ്റ് പാഴ്‌സൽ വാങ്ങി പരിശോധിച്ചപ്പോൾ അതിലും   പുഴുക്കളെ കണ്ടു. തുടർന്ന്   നഗരസഭ ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് പരാതി നല്കി. എന്നാൽ പരാതി നല്കി മൂന്നാഴ്ച പിന്നിട്ടിട്ടും  നടപടിയെടുത്തില്ല. സംഭവം വിവാദമായപ്പോഴാണ് നഗരസഭ ആരോഗ്യ വിഭാഗം പരാതിക്കാരന്റെ മൊഴിയെടുത്തത്‌. റോഡരികിൽ മാലിന്യം തള്ളിയാൽ 25000രൂപ വരെ ഈടാക്കുന്ന ആരോഗ്യവിഭാഗം പുഴുവരിക്കുന്ന ഭക്ഷണം വിളമ്പിയ തട്ടുകടയുടമക്കെതിരെ നടപടിയെടുക്കാൻ മടിക്കുകയാണ്. Read on deshabhimani.com

Related News