ടോറസ് ലോറിക്ക് പുറകില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസിടിച്ച് 17 പേര്‍ക്ക് പരിക്ക്‌



 ചാലക്കുടി ദേശീയപാത പോട്ട നാടുകുന്നിൽ ടോറസ് ലോറിക്ക് പുറകിൽ കെഎസ്ആർടിസി വോൾവോ ബസിടിച്ച് 17പേർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ശനി പുലർച്ചെ നാലോടെ തിരുവനന്തപുരത്തുനിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലേക്ക് ഒതുക്കുകയായിരുന്ന ടോറസ് ലോറിക്ക് പുറകിലാണ് ബസിടിച്ചത്.  ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. മുൻ ഭാഗത്തിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇടിയുടെ ശക്തിയിൽ നിയന്ത്രണംവിട്ട ടോറസ് ലോറി റോഡരികിൽ പാർക്ക്‌ ചെയ്തിരുന്ന മറ്റൊരു ലോറിക്ക് പുറകിലും ഇടിച്ചു. പ്രദേശവാസികളും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സുമാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.   നീലഗിരി ലക്ഷ്മി നിലയത്തിൽ ആദർശ് (21), മൈസൂർ മെഡിക്കൽ കോളേജിലെ ഡോ. കെ പി ചന്ദ്രശേഖരൻ(50), അയൻകോളനി ലക്ഷ്മി നിവാസിൽ സുധിന(25), ചെവായൂർ ഗയാംവീട്ടിൽ സജിത്(43), തോപ്പുംപടി കാർത്തികയിൽ മോഹിത(4), പുതുക്കാട് പാലിശ്ശേരി വീട്ടിൽ ഗൗരിലക്ഷ്മി(5), കോഴിക്കോട് നെല്ലിശ്ശേരി വീട്ടിൽ നസീമ(40), തിരുവനന്തപുരം ജെ എസ് ഭവനിൽ അശ്വിൻ അനിൽ(25), ചേർത്തല സുജിത് വില്ലയിൽ രതീഷ്(41), ചേർത്തല കുന്നുപുറത്ത് രാജേഷ്(42) തുടങ്ങിയവർക്കാണ് പരിക്കേറ്റത്‌. Read on deshabhimani.com

Related News