തന്നാരം താളത്തിൽ കോഴിക്കല്ല് മൂടി

കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് നടന്ന കോഴിക്കല്ല് മൂടൽ


കൊടുങ്ങല്ലൂർ  താനാരം തനാരം താളത്തിൽ ലയിച്ച കൊടുങ്ങല്ലൂർ കാവിൽ ചെമ്പട്ട് വിരിച്ച കൊടുങ്കല്ലിൽ കോഴികളെ സമർപ്പിച്ച് കോഴിക്കല്ല് മൂടി. കാൽച്ചിലമ്പും  അരമണി ചിറ്റുമണിഞ്ഞ കോമരങ്ങൾ പള്ളിവാളേന്തി ഉറഞ്ഞുതുള്ളി.   ശനിയാഴ്‌ച പകൽ 11നാണ് ചടങ്ങ് ആരംഭിച്ചത്.  ഭരണി മഹോത്സവത്തിന്റെ ചടങ്ങുകളിലൊന്നായ കോഴിക്കല്ലു മൂടൽ കാണാൻ ജനങ്ങൾ  കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വടക്കേ നടയിൽ നിരന്നു. അവകാശികളായ ഭഗവതി വീട്ടുകാർ വലിയ ദീപസ്തംഭത്തിനു താഴെ കുഴിയെടുത്ത് വട്ടക്കല്ലിട്ട് മുകളിൽ ചെമ്പട്ടു വിരിച്ചാണ് ചടങ്ങ്‌ തുടങ്ങിയത്.  തച്ചോളി തറവാട്ടുകാർ ആരവങ്ങളോടെ ക്ഷേത്രത്തിനുള്ളിൽനിന്നു വന്ന് ചെമ്പട്ട് വിരിച്ച കോഴിക്കല്ലിൽ കോഴികളെ സമർപ്പിച്ചു. ആർപ്പുവിളികളാൽ മുഖരിതമായ കാവിൽ  കോൽത്താളമിട്ട്   തുടങ്ങിയ ഭരണിപ്പാട്ട് കാളിദാരിക യുദ്ധത്തിലേക്ക് കടന്നതോടെ ദ്രുതതാളത്തിലായി. ചെമ്പട്ടെടുത്ത് പള്ളിവാളേന്തിയ കോമരങ്ങൾ  ഉറഞ്ഞു. നിരവധിയാളുകൾ കോഴിക്കല്ലിൽ ചെമ്പട്ടുകൾ വിരിച്ചതോടെ ചടങ്ങ് പൂർത്തിയായി. കാളിദാരിക യുദ്ധത്തിന് തുടക്കം കുറിച്ചതിന്റെ ഓർമപ്പെടുത്തലാണ് കോഴിക്കല്ല് മൂടൽ ചടങ്ങിന്റെ ഐതിഹ്യം. ഇനി വടക്കൻ മലബാറിലെ തോറ്റക്കളങ്ങളിൽനിന്ന് എത്തുന്ന കോമരങ്ങളുടെ കാവുപൂകൽ അശ്വതി കാവുതീണ്ടൽ വരെ തുടരും. അയൽ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ പതിനായിരക്കണക്കിന് തീർഥാടകർ വരും നാളുകളിൽ കാവിൽ നിറയും. 24 ന് പകൽ 3.30നാണ് കൊടുങ്ങല്ലൂർ ഭരണിയുടെ പ്രധാന ചടങ്ങായ അശ്വതി കാവുതീണ്ടൽ.  കോഴിക്കല്ല് മൂടലിന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.  എം കെ സുദർശൻ. മെമ്പർമാരായ മുരളി വെണ്ണല, പ്രേമരാജൻ ചൂണ്ടാലത്ത്,  സെക്രട്ടറി പി ഡി  ശോഭന, ഡെപ്യൂട്ടി കമീഷണർ പി ബിന്ദു, അസിസ്റ്റന്റ് കമീഷണർ  സുനിൽ കർത്ത, മാനേജർ കെ വിനോദ് എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News