സിപിഐ എം ജില്ലാ സമ്മേളനം 
21, 22, 23 തീയതികളിൽ



തൃശൂർ സിപിഐ എം ജില്ലാ സമ്മേളനം 21, 22, 23 തീയതികളിൽ തൃശൂരിൽ നടക്കും. കോവിഡ്‌ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച്‌  നടത്തുന്ന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾ പൂർണമായും ഒഴിവാക്കിയതായി   ജില്ലാ സെക്രട്ടറി എം എം വർഗീസും സ്വാഗതസംഘം ജനറൽ കൺവീനർ യു പി ജോസഫും വാർത്താസമ്മേളനത്തിൽ പറഞ്ഞു.   ഇൻഡോർ സ്റ്റേഡിയത്തിൽ( കെ വി പീതാംബരൻ, കെ വി ജോസ്‌ നഗർ ) 21ന്‌ രാവിലെ പത്തിന്‌  പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പ്രതിനിധി സമ്മേളനം  ഉദ്‌ഘാടനം ചെയ്യും.  23ന്‌ ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. 23ന്‌ വൈകിട്ട്‌  അഞ്ചിന്‌ നടക്കുന്ന വെർച്വൽ പൊതുസമ്മേളനം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.  കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ,  എ കെ ബാലൻ,  കെ രാധാകൃഷ്‌ണൻ,  എം സി ജോസഫൈൻ,  സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ബേബി ജോൺ എന്നിവർ  സമ്മേളനത്തിൽ പങ്കെടുക്കും.  ഇൻഡോർ സ്‌റ്റേഡിയത്തിലെ വേദിയിൽ നടക്കുന്ന പൊതുസമ്മേളനം എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും സ്‌ക്രീൻ ചെയ്യും.  സാമൂഹ്യ മാധ്യമങ്ങളിലൂടെ  തത്സമയ സംപ്രേഷണവുമുണ്ടാവും.    പതാക–-കൊടിമര ജാഥകളും ദീപശിഖാ പ്രയാണവും അനുബന്ധ പരിപാടികളും ഒഴിവാക്കി.  21ന്‌ രാവിലെ പതാക ഉയർത്തി രക്തസാക്ഷികൾക്ക്‌  പ്രണാമമർപ്പിച്ച്‌  ദീപശിഖ ജ്വലിപ്പിച്ച ശേഷമാണ്‌ സമ്മേളനം തുടങ്ങുക.  സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു.  12ന്‌ സംഘടിപ്പിച്ച പതാക ദിനത്തിൽ പൊതുസ്ഥലങ്ങളിലും പാർടി പ്രവർത്തകരുടെ വീടുകളിലുമായി അര ലക്ഷം  കേന്ദ്രങ്ങളിൽ പതാക ഉയർത്തി.   കായിക മത്സരങ്ങളും   സംഘടിപ്പിച്ചു. ജില്ലയിലെ ആദ്യകാല പാർടി നേതാക്കളുടെ  ജീവിതം പറയുന്ന സമരോജ്വല ജീവിതങ്ങൾ സമ്മേളനത്തിന്റെ രണ്ടാംദിവസം പ്രകാശനം ചെയ്യും. ജില്ലയിൽ സിപിഐ എമ്മിനും എൽഡിഎഫിനും വലിയ നേട്ടമുണ്ടായ  സാഹചര്യത്തിൽക്കൂടിയാണ്‌   സമ്മേളനം ചേരുന്നത്‌. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ   എൽഡിഎഫിന്‌ പരാജയം നേരിടേണ്ടിവന്നു, എന്നാൽ, 2020 ൽ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വൻ വിജയമാണ്‌ എൽഡിഎഫ്‌ നേടിയത്‌.  നിയമസഭാ തെരഞ്ഞെടുപ്പിൽ 13 -ൽ 12സീറ്റും  നേടി. കഴിഞ്ഞ സംസ്ഥാന സമ്മേളന തീരുമാനപ്രകാരം ജില്ലയിൽ   ലോക്കൽ കമ്മിറ്റികൾ 105 വീടുകൾ നിർമിച്ചുനൽകി.  15  പേർക്ക്‌  വീട്‌ വയ്‌ക്കാനുള്ള സ്ഥലം നൽകി.   സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ, സ്വാഗത സംഘം ഭാരവാഹികളായ  കെ വി അബ്ദുൾ ഖാദർ, പി കെ ഷാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News