നാടെങ്ങും തൈപ്പൂയം, ആളാരവമില്ല

ആൾത്തിരക്കില്ലാതെ കൂർക്കഞ്ചേരി പൂയം


തൃശൂർ  കോവിഡ് മാനദണ്ഡം പാലിച്ച് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ തെെപ്പുയം ആഘോഷിച്ചു. കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ രാവിലെ 9.30 മുതൽ 2.30 വരെ വിവിധ ദേശക്കാരുടെ കാവടിയാട്ടം അരങ്ങേറി. എട്ട് സെറ്റ് കാവടികളാണ് ക്ഷേത്രാങ്കണത്തിലെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ഗേറ്റുകൾ അടച്ച് ജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു.  വൈകിട്ട് കണിമംഗലം, കണ്ണംകുളങ്ങര, വെളിയന്നൂർ ദേശക്കാരുടെ കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. മൂന്ന് ദേശക്കാരും ഓരോ ആനകൾ വീതം അണിനിരത്തി. പഞ്ചവാദ്യത്തിന് പല്ലാവൂർ ശ്രീധരൻ മാരാരും ദീപാരാധനയ്ക്കുശേഷം നടന്ന മേളത്തിന് കലാമണ്ഡലം ശിവദാസും നേതൃത്വം നൽകി. രാത്രിയിലും നിയന്ത്രണങ്ങളോടെ കൂട്ടിയെഴുന്നള്ളിപ്പ് നടന്നു.  ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ നിർദേശപ്രകാരമായിരുന്നു ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തി വി കെ രമേഷ് ശാന്തി കാർമികനായി. ചേർപ്പ്  തായംകുളങ്ങര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു. തായംകുളങ്ങര, ചേർപ്പ് ബാലസംഘം, പെരുമ്പിള്ളിശേരി പടിഞ്ഞാറുഭാഗം, ഊരകം ശ്രീനാരായണ, ചേർപ്പ്, പെരുമ്പിള്ളിശേരി കിഴക്കുഭാഗം എന്നീ കാവടിസമാജങ്ങളുടെ കാവടിയാട്ടവും രഥഘോഷയാത്ര, എഴുന്നള്ളിപ്പ്, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, പെരുവനം ശങ്കരനാരായണൻ മാരാരുടെ നേതൃത്വത്തിൽ തായമ്പകയും അരങ്ങേറി. എടമുട്ടം ശ്രീ നാരായണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു.  ചടങ്ങ് മാത്രമാക്കിയാണ് പരിപാടികൾ നടന്നത്.  പാൽക്കാവടി, പീലിക്കാവടി, നാഗസ്വരം, വൈകിട്ട് എഴുന്നള്ളിപ്പ്, വെടിക്കെട്ട്, ദീപാരാധന എന്നിവ നടന്നു.  Read on deshabhimani.com

Related News