നവീകരിച്ച 9 കുടുംബാരോഗ്യ 
ഉപകേന്ദ്രങ്ങൾ തുറന്നു

കുടുംബാരോഗ്യ ഉപകേന്ദ്രമായി ഉയർത്തിയ ചേറ്റുപുഴ കുടുംബക്ഷേമ ഉപകേന്ദ്രം മേയര്‍ എം കെ വർഗീസ്‌ നാടിനായി സമര്‍പ്പിക്കുന്നു


തൃശൂർ സർക്കാർ ആശുപത്രികളിൽ ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് പ്രധാന ഉത്തരവാദിത്തമെന്ന് ആരോഗ്യമന്ത്രി  വീണ ജോർജ്. സർക്കാരിന്റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായി നിരവധി ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  ജില്ലയിൽ ഒമ്പതു കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.       എഫ്എച്ച്സി മാമ്പ്രയുടെ കീഴിൽ മേലഡൂർ സബ് സെന്റർ, കൊടകരയിൽ തേശേരി, പാമ്പൂരിൽ പോട്ടോർ, അയ്യന്തോളിൽ ചേറ്റുപുഴ, വല്ലച്ചിറയിൽ കടലാശേരി, കുഴൂർ എഫ്എച്ച്സിക്ക് കീഴിൽ കുഴൂർ സബ് സെന്റർ, മേത്തലയിൽ വിപി തുരുത്ത്, ചൊവ്വന്നൂരിൽ ചെമ്മന്തിട്ട, പൂമല എഫ്എച്ച്സിക്ക് കീഴിൽ തിരൂർ സബ് സെന്റർ തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്. കുടുംബാരോഗ്യ ഉപകേന്ദ്രമായി ഉയർത്തുമ്പോൾ നിലവിൽ ലഭ്യമായ സേവനങ്ങൾക്കൊപ്പം, രോഗികൾക്കായി കാത്തിരിപ്പുകേന്ദ്രം, ഹെൽത്ത് ആൻഡ്‌ വെൽനെസ് ക്ലിനിക്, ഓഫീസ്‌മുറി, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ സേവനം, പ്രതിരോധ കുത്തിവയ്‌പ്പ് മുറി, മുലയൂട്ടൽ മുറി, കോപ്പർട്ടി ഇടുന്നതിനുള്ള മുറി, മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം രോഗികൾക്കുള്ള ശുചിമുറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News