കനൽവഴി കടന്ന്‌ അമ്പിളിക്കല; ഇനി ‘ഡോക്ടർ’



  തൃശൂർ ഇസ്തിരിപ്പെട്ടിയിലെ കനലുകൾക്കൊപ്പം ജീവിതം എരിച്ചുകളയാൻ  അവൾ തയ്യാറായില്ല. മറ്റുള്ളവരുടെ വസ്‌ത്രങ്ങൾ തേച്ചുമിനുക്കുന്നതിനൊപ്പം  സ്വന്തം ജീവിതവും മിനുക്കാൻ മുടങ്ങിപ്പോയ പഠനത്തിൽ മുഴുകി. കനൽ വഴികൾ  ഒന്നൊന്നായി അവൾ ചവിട്ടിക്കയറി.  ഇരിങ്ങാലക്കുട കാരുകുളങ്ങര മാള്യേക്കപ്പറമ്പിൽ എം വി അമ്പിളിയുടെ പേരിന്‌ മുമ്പിൽ  ഇനി ഡോക്ടർ.  പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്‌ അമ്പിളിക്ക്‌ അച്ഛൻ വിജയനെ നഷ്ടപ്പെട്ടത്‌. ഇതോടെ  പഠനം  മുടങ്ങി. അച്ഛൻ  നടത്തിയിരുന്ന ഇസ്തിരിക്കടയിലെ തേപ്പുപ്പണി ഏറ്റെടുത്തു. പ്രതീക്ഷയോടെ തുടങ്ങിയ ദാമ്പത്യവും വഴിപിരിഞ്ഞു. പലപ്പോഴും പൊള്ളലേൽക്കുമ്പോഴും കനൽച്ചൂടിനടുത്ത്‌ തുടർച്ചയായി നിന്ന് ചെറിയ തണുപ്പും താങ്ങാനാവാതെ ശരീരം പ്രതികരിക്കുമ്പോഴും തളർന്നില്ല.  ആരോടും പരാതി  പറയാതെ  പൊരുതി മുന്നേറി. അമ്മ ശാന്തയേയും  കൂട്ടി കൊച്ചുവീട്ടിൽ ജീവിതം.  കഠിന പ്രയത്നത്താൽ കോൺക്രീറ്റ് വീടായി. ഇതിനിടെയാണ്‌ പഠനം തുടരാൻ തീരുമാനിച്ചത്‌. വിദൂര വിദ്യാഭ്യാസംവഴി കലിക്കറ്റ്‌ സർവകലാാലയിൽിനന്ന്‌  മലയാളത്തിൽ ബിഎയു എംഎയും  പാസായി. മറ്റ് കുട്ടികൾ നെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതു കണ്ടപ്പോൾ  പഠനത്തിന്റെ ഭാഗമാണെന്നു കരുതിയാണ്‌ അപേക്ഷിച്ചത്‌. അതിലും വിജയം. ഇതിനിടെ അവധി ഒഴിവിൽ ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിൽ ഗസ്‌റ്റ്‌ ലക്‌ചററായി.  ക്രൈസ്‌റ്റിലെ അധ്യാപകരുടെ സഹായത്തോടെ 2016ൽ  കലിക്കറ്റ്‌ സർവകലാശാലയിൽ  മലയാളം ചെറുകഥയിൽ ഗവേഷണം ആരംഭിച്ചു.  ശ്രീകേരളവർമ കോളേജിലെ ഡോ. എം ആർ   രാജേഷിന്റെ കീഴിലായിരുന്നു ഗവേഷണം. ഇതിനിടയിലും  ഇസ്തിരിക്കടയിലെ ജോലി തുടർന്നു, പിന്നീട്‌  നിർത്തി. കോവിഡ്‌ പ്രതിസന്ധികൾ കടന്ന്‌   പ്രബന്ധങ്ങളെല്ലാം സമർപ്പിച്ചു.  പിഎച്ച്‌ഡി നൽകാനുള്ള അവസാന നടപടിക്രമങ്ങളുടെ ഭാഗമായി സെപ്‌തംബർ 14ന്‌ നടന്ന തുറന്ന സംവാദത്തിൽ അമ്പിളി ഡോക്ടറേറ്റിന്‌ അർഹയാണെന്ന്‌ ചെയർമാനും  മലയാളം സർവകലാശാലയിലെ  സാഹിത്യ പഠനവിഭാഗം അസോ  പ്രൊഫ. രാധാകൃഷ്‌ണൻ ഇളയേടത്തും പ്രഖ്യാപിച്ചു. സർട്ടിഫിക്കറ്റ്‌  ഉടൻ കൈകളിലെത്തും. Read on deshabhimani.com

Related News