കേരള ലക്ഷ്‌മി മില്ലും വിൽക്കുന്നു



  തൃശൂർ കോവിഡിനെത്തുടർന്ന്‌ അടച്ച പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം. എൻടിസി റീജണൽ ഓഫീസിൽ നിന്ന്‌ എത്തിയ ഉദ്യോഗസ്ഥ മില്ലിലെത്തി. വിൽപ്പന വേഗത്തിലാക്കാനാണെന്ന്‌ തൊഴിലാളികൾ പറയുന്നു. കേന്ദ്രസർക്കാരിന്‌ കീഴിലുള്ള നാഷ‌ണൽ ടെക്സ്റ്റൈൽ കോർപറേഷന്റേതാണ്‌‌ ലക്ഷ്‌മി മിൽ. മിൽ തുറക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ കമ്പനിപ്പടിക്കൽ റിലേ സത്യഗ്രഹം നടത്തുന്നതിനിടെയാണ്‌ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ മില്ലിൽ പരിശോധയ്ക്ക്‌ എത്തിയത്‌.  തൊഴിലാളികൾ ഉദ്യോഗസ്ഥയെ തടഞ്ഞ്‌ തിരിച്ചയച്ചു. കോർപറേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന മില്ലിന്‌ 55ഏക്കർ ഭൂമിയുണ്ട്‌.  മില്ലുകൾ പൂട്ടി ഏക്കർ കണക്കിന്‌  കണ്ണായ  ഭൂമി വിൽക്കാനാണ്‌ ബിജെപി  സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ തൊഴിലാളികൾ പറയുന്നു.  ലോക്‌ഡൗണിനെത്തുടർന്ന്‌ അഞ്ചു‌ മാസം മുമ്പാണ്‌ ജില്ലയിലെ എൻടിസി മില്ലുകളായ പുല്ലഴി  കേരള ലക്ഷ്‌മി മില്ലും ആമ്പല്ലൂരിലെ അളഗപ്പ ടെക്സ്റ്റൈലും അടച്ചിട്ടത്‌. തുറക്കുന്നതിനുള്ള യാതൊരു നീക്കവും കേന്ദ്ര സർക്കാരിന്റെ  ടെക്സ്റ്റൈൽ മന്ത്രാലയത്തിൽ നിന്ന്‌ ഉണ്ടായിട്ടില്ല.  ലോക്ക്‌ഡൗണിനെത്തുടർന്ന്‌ മൂന്നിലൊന്ന്‌ വേതനമാണ്‌ ലഭിക്കുന്നത്‌.  ഇതുതന്നെ രണ്ട്‌ മാസമായി ലഭിക്കുന്നില്ല. ലക്ഷ്‌മി മില്ലിൽ 271 സ്ഥിരം തൊഴിലാളികളും 168 ദിവസവേതനക്കാരും 50 ഓഫീസ്‌ ജീവനക്കാരുമടക്കം 489 തൊഴിലാളികളുണ്ട്‌. അളഗപ്പമില്ലിൽ  287സ്ഥിരം തൊഴിലാളികളും 197 ദിവസ വേതനക്കാരും 52 ഓഫീസ്‌ ജീവനക്കാരുമടക്കം 536 തൊഴിലാളികളുണ്ട്‌.  അനുബന്ധ തൊഴിലാളികൾ ഇതിലേറെ വരും. ഇവരെല്ലാം ദുരിതത്തിലാണ്‌. ലോക്ക്‌ഡൗണിനെ തുടർന്ന്‌ അടച്ചിരുന്ന സംസ്ഥാന സർക്കാരിന്റെയും  സഹകരണമേഖലയുടെയും കീഴിലുള്ള  എല്ലാ മില്ലുകളും മേയ്‌ മാസത്തിൽ തുറന്ന്‌ പ്രവർത്തനം ആരംഭിച്ചിരുന്നു. എൻടിസി മില്ലുകൾ തുറക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ കമ്പനിപ്പടിക്കൽ  റിലേ സത്യഗ്രഹം ആരംഭിച്ചിട്ടുണ്ട്‌.  ലക്ഷ്‌മി മില്ലിനു മുന്നിൽ നടന്ന റിലേ സത്യഗ്രഹം സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ഐഎൻടിയുസി ജില്ലാ ട്രഷറർ കെ ജയകുമാർ അധ്യക്ഷനായി.  ടെക്സ്റ്റൈൽ ഫെഡറേഷൻ സംസ്ഥാന ട്രഷറർ എം ആർ രാജൻ, ഗിരിജ വല്ലഭൻ(ബിഎംഎസ്‌), ടി സുധാകരൻ, കെ ബാബു, പി വി രാധാകൃഷ്‌ണൻ(സിഐടിയു)എന്നിവർ സംസാരിച്ചു.  എ മനോമോഹൻ(എച്ച്‌എംഎസ്‌) സ്വാഗതവും ജോയ്‌സി ജോസ്‌(ഐഎൻടിയുസി) നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News