കോട്ടത്തെ സദാചാരക്കൊല 
4 പേർ പിടിയിൽ



ചേർപ്പ്  ചിറയ്ക്കൽ കോട്ടത്ത് സദാചാര ആക്രമണത്തിൽ ബസ് ഡ്രൈവറായ സഹാറി(33)നെ കൊലപ്പെടുത്തിയ കേസിലെ നാല്‌ പ്രതികൾ പൊലീസ് പിടിയിലായി. ചിറയ്ക്കൽ സ്വദേശി കുറുപ്പംവീട്ടിൽ അമീർ, കോട്ടം സ്വദേശികളായ കൊടക്കാട്ടിൽ അരുൺ, സുഹൈൽ, കാട്ടൂർ സ്വദേശി നിരഞ്ജൻ എന്നിവരെയാണ് ഉത്തരാഖണ്ഡിൽനിന്ന് പ്രത്യേക അന്വേഷകസംഘം പിടികൂടിയത്. ഇവരെ ശനിയാഴ്ച വൈകിട്ട് തൃശൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.      ഫെബ്രുവരി 18 ന് അർധരാത്രിയിലാണ് സഹാറിനെ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്ത് വെച്ച് പ്രതികൾ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിനെത്തുടർന്ന് കണ്ടാലറിയാവുന്ന 2 പേർ ഉൾപ്പെടെ 10 പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. ആക്രമണത്തിൽ ആന്തരികാവയവങ്ങൾ തകർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് 7 ന് സഹാർ മരിച്ചു. ഇതിനിടെ പ്രതികളെല്ലാം ഒളിവിൽ പോയി.     സഹാറിന്റെ മരണശേഷം തൃശൂർ റൂറൽ എസ്‌പി ഐശ്വര്യ ഡോംഗ്രെ, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച് സംസ്ഥാനത്തിനകത്തും പുറത്തും  നടത്തിക്കൊണ്ടിരിക്കുന്ന തെരച്ചിലിനിടെയാണ്  നാലുപേർ പിടിയിലായത്. മറ്റ് പ്രതികളായ കൊടക്കാട്ടിൽ വിജിത്ത്, കരിക്ക വിഷ്ണു, മച്ചിങ്ങൽ ഡിനോൺ, നെല്ലിപ്പറമ്പിൽ രാഹുൽ, മച്ചിങ്ങൽ അഭിലാഷ്, മൂർക്കനാട് സ്വദേശി കാരണയിൽ ജിഞ്ചു എന്നിവർ ഒളിവിലാണ്. ഇവരെയും ഉടൻ പിടികൂടുമെന്നും കേസിൽ കുടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഇഞ്ചമുടിയിൽ താമസിക്കുന്ന സഹോദരങ്ങളായ ഫൈസൽ, സുഹൈൽ, കാറളം സ്വദേശി നവീൻ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. Read on deshabhimani.com

Related News