ബിഎസ്‌എൻഎൽ കരാർ ജീവനക്കാർ പണിമുടക്കിന്‌



  തൃശൂർ കുടിശ്ശികയായിട്ടുള്ള ആറുമാസത്തെ വേതനം ഉടൻ ലഭിച്ചില്ലെങ്കിൽ ബിഎസ്‌എൻഎൽ കരാർ ജീവനക്കാർ തിങ്കളാഴ്‌ചമുതൽ ജോലിക്ക്‌ ഹാജരാകില്ലെന്ന്‌ ഇൻഫ്രാസ്‌ട്രക്‌ച്ചർ മെയിന്റനൻസ്‌ സ്റ്റാഫ്‌ അസോസിയേഷൻ സംയുക്ത സമര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ബിഎസ്‌എൻഎൽ തൃശൂർ എസ്‌എസ്‌എയിൽ ഹെസൽ എജിനിയേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന ഏജൻസി വഴി നിയമിച്ച ഇൻഫ്രാസ്‌ട്രക്‌ച്ചർ മെയിന്റനൻസ് ജീവനക്കാർക്ക്‌ ആറുമാസമായി വേതനം ലഭിക്കുന്നില്ല. ഏഴുമാസമായി ഇപിഎഫും ഇഎസ്‌ഐ വിഹിതവും അടച്ചിട്ടില്ല. 2013ൽ അംഗീകരിച്ച ബോണസ്‌ വിഹിതവും നൽകുന്നില്ല.  ആറുമാസത്തെ ശമ്പള കുടിശ്ശിക 93,000 രൂപ വരും. ഇതിനുപുറമെ ഏഴായിരം രൂപ ബോണസും നേരത്തേയുള്ള കുടിശ്ശിക 34,000 രൂപയും ലഭിക്കാനുണ്ട്‌. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ തിങ്കളാഴ്‌ചമുതൽ ജോലിക്ക്‌ ഹാജരാവില്ലെന്ന്‌ കാണിച്ച്‌ ഏജൻസിക്കും ബിഎസ്‌എൻഎൽ ഓഫീസ്‌  തലവന്മാർക്കും ജീവനക്കാർ കത്ത്‌ നൽകി‌. ജില്ലയിൽ 200 ജീവനക്കാരുണ്ട്‌. ഇൻഫ്രാസ്‌ട്രക്‌ച്ചർ മെയിന്റനൻസ്‌ സ്റ്റാഫ്‌ അസോസിയേഷൻ സംയുക്ത സമര സമിതി പ്രസിഡന്റ്‌ പി ടി ബാബു, സെക്രട്ടറി എൻ വി ജോർജ്‌, എ രവീന്ദ്രൻ, മുരുകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News