മലക്കപ്പാറയിലെ ഗർഭിണികൾക്ക് ആരോഗ്യവകുപ്പിന്റെ കരുതൽ



ചാലക്കുടി മലക്കപ്പാറ തോട്ടം ആദിവാസി മേഖലയിലെ ഗർഭിണികൾക്ക് ആരോഗ്യ വകുപ്പ് നൽകുന്നത് സമാനതകളില്ലാത്ത സാമൂഹ്യ പരിരക്ഷ. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കമായ മനുഷ്യരുടെ കാര്യത്തിൽ സർക്കാർ പുലർത്തുന്ന കരുതലിന്റെ ഭാഗമാണിത്. തോട്ടം മേഖലയിലും ആദിവാസി ഊരുകളിലുമായി 25 ഗർഭിണികളാണുള്ളത്. ഇവരിൽ ജാർഖണ്ഡ്‌, അസം, തമിഴ്നാട്‌ എന്നിവിടങ്ങളിൽനിന്നുള്ളവരും ഗോത്രവർഗക്കാരും മലയാളികളുമുണ്ട്.  എല്ലാവരേയും കൂട്ടി ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ വാഹനത്തിൽ 90 കിലോമീറ്റർ താണ്ടി ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തും.  പരിശോധനകൾ കഴിഞ്ഞ് പകൽ മൂന്നോടെ മടക്കം. ആരുടെയെങ്കിലും പരിശോധനാഫലം വൈകിയാൽ ആരോഗ്യ പ്രവർത്തകർ പിറ്റേന്ന്‌ വാങ്ങി വീട്ടിലെത്തിച്ച് നൽകും.  മൂന്നു മാസം മുമ്പുവരെ സ്വന്തം ചെലവിൽ വീട്ടുകാരുമൊത്ത് തമിഴ്നാട്ടിൽ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്കാണ് ഇവരെല്ലാം പോയിരുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാന അതിർത്തി അടച്ചതോടെ ചികിത്സ മുടങ്ങി. ഇതേത്തുടർന്ന് ഗർഭിണികളുടെ പരിചരണം സംസ്ഥാന ആരോഗ്യ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കാൻ ടാറ്റാ കമ്പനി സൗജന്യമായി ആംബുലൻസ് വിട്ടുനൽകുന്നുണ്ട്.  Read on deshabhimani.com

Related News