കണക്ട് ടു വർക്ക് അഭിമുഖമോ... കുടുംബശ്രീ സഹായിക്കും



തൃശൂർ ഇന്റർവ്യൂവിന്‌ പോകുമ്പോൾ മുട്ടിടിക്കാറുണ്ടോ. ഇനി ആ പേടി വേണ്ട. ‌ കുടുംബശ്രീയുടെ കണക്ട് ടു വർക്ക് പദ്ധതിയിലൂടെ സൗജന്യ ഇന്റർവ്യൂ, സോഫ്റ്റ് സ്‌കിൽ പരിശീലനം നൽകുന്നു.    റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി നടത്തുന്ന പദ്ധതിയാണിത്. ജില്ലയിലെ 16 ബ്ലോക്കുകളിലെയും തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് വഴി അസാപ്പിന്റെ നേതൃത്വത്തിലാണ് പരിശീലനം.  ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനും ഇന്റർവ്യൂകളെ ലളിതമായി നേരിടാനും പ്രാപ്തരാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. കുടുംബശ്രീ സംഘടനാ സംവിധാനം ഉപയോഗിച്ച് അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ മൃദു നൈപുണികൾ വികസിപ്പിക്കുക, അവർക്ക് വേതന തൊഴിൽ കണ്ടെത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുക, തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുക, വ്യക്തിപരമായ ജീവിതനൈപുണികൾ വികസിപ്പിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്‌.   ബ്ലോക്കിൽ ഒരു സെന്റർ എന്ന രീതിയിലാണ്  ക്രമീകരിച്ചിരിക്കുന്നത്. പ്രായപരിധി 35 വയസ്സാണ് ഐടിഐ, പോളി ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം തുടങ്ങിയ വിദ്യാഭ്യാസമുള്ള വരെയാണ് പരിശീലനത്തിന്‌ തെരഞ്ഞെടുക്കുന്നത്. പരിശീലനാർഥികളുടെ കുടുംബത്തിൽ ആരെങ്കിലും കുടുംബശ്രീയിൽ അംഗമാകണം അല്ലെങ്കിൽ ബിപിഎൽ കുടുംബമാകണം. കണക്ട് ടു വർക്ക് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്ന സി ഡിഎസിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ 2,10,000 രൂപയും അനുവദിച്ചിട്ടുണ്ട്. അപേക്ഷാഫോറം അതത് കുടുംബശ്രീ ഓഫീസുകളിൽ ലഭ്യമാണ്. Read on deshabhimani.com

Related News