ചൂട്‌ 37 ഡിഗ്രി സെൽഷ്യസ് -- ഇനിയും ഉയരും



തൃശൂർ കനത്ത ചൂടിൽ ഉരുകുകയാണ്‌ ജില്ല. മാർച്ച്‌  തുടക്കംതന്നെ ചൂട്‌ ആരംഭിച്ചു. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ സാന്നിധ്യം കൂടുതലായതോടെ അതികഠിനമായ ചൂടാണ്‌   അനുഭവപ്പെടുന്നത്‌. 37 ഡിഗ്രി സെൽഷ്യസാണ്‌ തിങ്കളാഴ്‌ചവരെ രേഖപ്പെടുത്തിയ ജില്ലയിലെ താപനില‌. വിവിധയിടങ്ങളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്‌ വെദർ സ്‌റ്റേഷനുകളിലെ റിപ്പോർട്ടാണിത്‌.  വടക്കൻ കേരളത്തെ അപേക്ഷിച്ച്‌ ജില്ലയിൽ ചൂട്‌ കുറവാണെങ്കിലും സൂര്യതാപംമൂലം അനുഭവപ്പെടുന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിൽ അധികമായുള്ള ഈർപ്പത്തിന്റെ (ഹ്യുമിഡിറ്റി) സാന്നിധ്യമാണ് ചൂട് വർധിച്ചതായി തോന്നാൻ കാരണം. 37 ഡിഗ്രി സെൽഷ്യസ്‌ 40 ഡിഗ്രി സെൽഷ്യസ്‌ താപനില ആയി അനുഭവപ്പെട്ടേക്കാം. പകൽ 11 മുതൽ മൂന്നുവരെയാണ്‌ കടുത്ത ചൂട്‌ അനുഭവപ്പെടുന്നത്‌.   21 ഓടെ സൂര്യൻ തലയ്‌ക്ക്‌ മുകളിലായി വരുമ്പോൾ ചൂടിന്റെ കാഠിന്യവും വർധിക്കും‌. കഴിഞ്ഞ നാലു ദിവസമായി 36 മുതൽ 37ഡിഗ്രി സെൽഷ്യസ്‌ താപനിലയാണ്‌ ജില്ലയിൽ.   ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ഇനിയും ചൂട്‌ വർധിക്കാനാണ്‌ സാധ്യത. വേനൽമഴ ലഭിച്ചില്ലെങ്കിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിൽവരെ താപനില ഉയരും.   വരുന്ന അഞ്ചുദിവസം ജില്ലയിൽ മഴയ്‌ക്ക്‌ സാധ്യതയില്ലെന്നാണ്‌ കാലാവസ്ഥാ വിഭാഗം അറിയിപ്പ്‌.  ഇടമഴയെ ആശ്രയിച്ചിരിക്കും ജില്ലയിലെ ജലലഭ്യതയും. വേനൽമഴ ലഭിച്ചില്ലെങ്കിൽ  ജലക്ഷാമവും കൊടുംചൂടും അഭിമുഖീകരിക്കേണ്ടിവരും‌.  Read on deshabhimani.com

Related News