താൽക്കാലിക റോഡിൽ വെള്ളം കയറി; ഗതാഗതം നിരോധിച്ചു



ചേർപ്പ്  തൃപ്രയാർ ചേർപ്പ് റോഡിലെ ചിറയ്ക്കൽ ഹെർബെർട്ട് കനാൽ പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി കനാലിന് കുറുകെ നിർമിച്ച താൽക്കാലിക റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ഇതുവഴി ഗതാഗതം നിരോധിച്ചു. ഇതോടെ പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ യാത്രക്കാർ ദുരിതത്തിലാവും. ബസ്സുൾപ്പെടെയുള്ള വാഹനങ്ങൾ താൽക്കാലിക റോഡിലൂടെയാണ് സഞ്ചരിച്ചിരുന്നത്. പാലം നിർമാണം പൂർത്തിയാകാൻ ഒരു വർഷത്തിലേറെ സമയമെടുക്കും.  വേനൽമഴ കനത്തതോടെയാണ്‌ കനാലിൽ വെള്ളം ഉയർന്നത്‌. കാലവർഷം തുടങ്ങിയാൽ സ്ഥിതി രൂക്ഷമാകും. താൽക്കാലിക റോഡിലൂടെ നടന്ന് പോകാൻ പോലും കഴിയാതെയാകും. തൃപ്രയാർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പഴുവിൽനിന്ന് തിരിഞ്ഞ് അമ്മാടം വഴി തൃശൂരിലേക്കും ചേർപ്പിൽ നിന്നുള്ള വാഹനങ്ങൾ കാറളം വഴി തൃപ്രയാറിലേക്കും പോകാവുന്ന സംവിധാനമുണ്ടാക്കുന്നതിനെക്കുറിച്ച്‌  ആലോചിക്കുന്നതായി അസി. എക്സി. എൻജിനിയർ നിമേഷ് പുഷ്പൻ പറഞ്ഞു. എന്നാൽ, ഇത്രയും ദൂരം മാറി സഞ്ചരിക്കാൻ ബസുടമകൾ തയ്യാറാകുമോ എന്ന ആശങ്കയുണ്ട്. കനാലിന്റെ ഇരുകരകളിലും ബസ് നിർത്തി യാത്രക്കാർക്ക് മാറിക്കയറണമെങ്കിൽ കനാൽ മുറിച്ചുകടക്കാൻ സമീപത്തൊന്നും മറ്റ് സൗകര്യങ്ങളില്ല. താൽക്കാലിക റോഡ് അൽപ്പം കൂടി ഉയർത്തി നിർമിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ റോഡ് ഉയർത്തിയാൽ കൂടുതൽ വെള്ളം സമീപ പ്രദേശങ്ങളിലേക്ക് കയറാൻ ഇടയാകുമെന്നാണ് അധികൃതർ പറയുന്നത്. Read on deshabhimani.com

Related News