ശ്‌മശാനനിര്‍മാണം കോൺഗ്രസ്‌ പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി



ചാലക്കുടി കോടശേരി പഞ്ചായത്തിലെ ആദിവാസി വിഭാഗക്കാരുടെ ശ്മശാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി നടന്ന നിർമാണ പ്രവർത്തനം കോൺഗ്രസ്‌ പ്രവർത്തകർ തടഞ്ഞതായി പരാതി. കോടശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് സംഭവം. പതിറ്റാണ്ടുകളായി ആദിവാസി വിഭാഗം ഉപയോഗിക്കുന്നതാണ് ശ്മശാനം. ഒന്നരയേക്കറോളം വരുന്ന ശ്മശാനം പലരും കൈയേറി ഇപ്പോൾ 56 സെന്റായി ചുരുങ്ങി. നേരത്തേ ശ്മശാനം ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് അതിർത്തി കെട്ടി സംരക്ഷിക്കാൻ ശ്രമം നടന്നിരുന്നു. ഇപ്പോൾ വീണ്ടും ബി ഡി ദേവസി എംഎൽഎ ഇടപെട്ട് ആദിവാസി ഊരിലെ വികസനത്തിനായി ഒരു കോടി രൂപ അനുവദിക്കുകയുണ്ടായി.  ഇതിന്റെ ഭാഗമായിട്ടാണ് ശ്മശാനം ആധുനികവൽക്കരിക്കാൻ നടപടി സ്വീകരിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് പ്രസിഡന്റിന്റെ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയവരാണ് ശ്മശാനം പണി തടയാനെത്തിയതെന്നും പറയുന്നു.  എംഎൽഎ ഫണ്ടുപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങളെന്ന് നിർമാണച്ചുമതലയുള്ള കോസ്റ്റ്‌ഫോർഡിന്റെ സൂപ്പർവൈസർ അറിയിച്ചപ്പോൾ അദ്ദേഹത്തെ പരിഹസിക്കുകയാണ് ഉണ്ടായതെന്നും  ആക്ഷേപമുണ്ട്. ആദിവാസി വിഭാഗക്കാരുടെ ശ്മശാനത്തിന്റെ പുനർനിർമാണം തടയാൻ വന്ന കോൺഗ്രസ്‌ പ്രവർത്തകരുടെ നടപടിയിലും പഞ്ചായത്ത് പ്രസിഡന്റിന്റെ നിഷേധാത്മക നിലപാടിലും ആദിവാസി ക്ഷേമസമിതി കോടശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ഏരിയ രക്ഷാധികാരി ഇ സി സുരേഷ് അധ്യക്ഷനായി. ഊരുമൂപ്പൻ എം കെ സന്തോഷ്, ഗിരീഷ് ബാബു, രാഹുൽ ശ്രീധരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News