പടം തുടങ്ങി



 തൃശൂർ പത്തുമാസമായി അടഞ്ഞുകിടന്ന  സിനിമാശാലകൾ  മിഴിതുറന്നു. ബുധനാഴ്‌ച രാവിലെ ഒമ്പതിന്‌ ജില്ലയിലെ പ്രധാന തിയറ്ററുകളിലെ വെള്ളിത്തിരയിൽ  വിജയ്‌ നായകനായുള്ള ‘മാസ്‌റ്റർ’ പ്രദർശിപ്പിച്ചതോടെയാണ്‌ നീണ്ട സിനിമാ ഇടവേളയ്‌ക്ക്‌ വിരാമമായത്‌. ചെറുപ്പക്കാരുടെ വൻനിരതന്നെ ആദ്യദിനം തിയറ്ററുകളിലെത്തി.  കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചാണ്‌ തിയറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചത്‌.   റിസർവേഷനും ഓൺലൈൻ ബുക്കിങ്ങും ഉണ്ടായിരുന്നതിനാൽ, തിയറ്ററുകളിൽ നേരിട്ടെത്തിയ നിരവധിപേർക്ക്‌‌ ടിക്കറ്റ്‌ ലഭിക്കാതെ നിരാശരായി മടങ്ങേണ്ടിവന്നു. ടിക്കറ്റുകളിൽ അധികവും ഫാൻസുകൾ നേരത്തേ സ്വന്തമാക്കിയിരുന്നു. രാവിലെ ഒമ്പതുമണിക്കുള്ള ആദ്യഷോയ്‌ക്കു മണിക്കൂറുകൾക്കുമുന്നേത്തന്നെ തിയറ്ററിന് അകത്തേക്ക് കടക്കാൻ നീണ്ട നിരയുണ്ടായി.  തമിഴ് സൂപ്പർസ്റ്റാർ വിജയുടെ ‘മാസ്റ്റർ’  തൃശൂർ നഗരത്തിൽ രാഗം, രവികൃഷ്ണ, കൈരളി, ശ്രീ എന്നീ തിയറ്ററുകളിലാണ് പ്രദർശിപ്പിച്ചത്‌.  ചാലക്കുടി, ഗുരുവായൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി തുടങ്ങിയ നഗരങ്ങളിലും സിനിമാ പ്രദർശനമുണ്ടായി. ഒന്നിടവിട്ട സീറ്റുകളിലാണ് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചത്. ആദ്യദിനത്തിലെ മൂന്ന്‌ ഷോകളും ഹൗസ്‌‌ഫുൾ.  ജില്ലയിൽ ചുരുക്കമിടങ്ങളിൽ  മാത്രമാണ് ബുധനാഴ്‌ച പ്രദർശനം തുടങ്ങിയത്. പ്രദർശനകേന്ദ്രങ്ങളിൽ പലയിടത്തും തിരക്കേറിയതോടെ പൊലീസെത്തിയാണ്‌ നിയന്ത്രിച്ചത്‌. രാവിലെ ഒമ്പത്‌, പകൽ ഒന്ന്‌, വൈകിട്ട്‌ അഞ്ച്‌ എന്നിങ്ങനെ മൂന്ന്‌ ഷോകൾ മാത്രമേ ദിവസവും ഉണ്ടാകൂ.  അടുത്ത ദിവസങ്ങളിൽത്തന്നെ  ജയസൂര്യ നായകനായ   ‘വെള്ളം’, മമ്മൂട്ടി നായകനായുള്ള ‘പ്രീസ്‌റ്റ്‌’ ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങളും പ്രദർശനത്തിനെത്തുമെന്ന പ്രതീക്ഷയിലാണ്‌ സിനിമാപ്രേമികൾ. Read on deshabhimani.com

Related News