ഇനി കോവിഡ് വാര്‍ഡിലും ഡിവൈഎഫ്ഐ സേവനം



  തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് സഹായവുമായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്. കോവിഡ് രോഗികളെ സഹായിക്കാൻ ബന്ധുക്കൾപോലും മടിച്ചുനിൽക്കുമ്പോഴാണ്‌ ഡിവൈഎഫ്ഐ വളണ്ടിയർമാർ എത്തുന്നത്. പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ച് ചൊവ്വാഴ്ചമുതൽ പ്രവർത്തനം തുടങ്ങും.  ഡോക്ടർമാർ, നേഴ്സുമാർ, മറ്റു ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെ പ്രവർത്തനത്തിന് തടസ്സം നേരിടാതിരിക്കാനാണ് കോവിഡ് വാർഡിലെ  ഭക്ഷണവിതരണം ഡിവൈഎഫ്ഐ   ഏറ്റെടുക്കുന്നത്. കുടുംബശ്രീ ഭക്ഷണകേന്ദ്രത്തിൽനിന്ന് എത്തിക്കുന്ന   ആഹാരമാണ്  പിപിഇ കിറ്റ് ധരിച്ച യൂത്ത് ബ്രിഗേഡ് വിതരണം ചെയ്യുക.   സുരക്ഷിതത്വത്തോടെ എങ്ങനെ ഭക്ഷണം വിതരണം ചെയ്യണമെന്ന ട്രെയിനിങ് വളണ്ടിയർമാർക്ക് നൽകി. ആദ്യബാച്ചിൽ കെ എസ് റോസൽരാജ്, കെ എസ് ഋഷികേശ്, മഹേഷ്, വിജീഷ്, മുഹമ്മദ് സഹൽ, മുരളി മുകുന്ദൻ, സാൻജോ, ശ്രീരാജ് എന്നിവർ പരിശീലനം പൂർത്തിയാക്കി.  നാലുപേർ അടങ്ങുന്ന ടീം ഏഴുദിവസം തുടർച്ചയായി സേവനം നടത്തും. തുടർന്ന് അടുത്തബാച്ച് കയറും. 16 ബ്ലോക്ക് കമ്മിറ്റിയിൽനിന്ന് തെരഞ്ഞെടുത്ത വളണ്ടിയർമാരാണ് ഒരോ ആഴ്ചയിലും സേവനത്തിനെത്തുക. ഭക്ഷണവിതരണത്തിനിടെ ഏതെങ്കിലുംതരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കിൽ, അത്തരക്കാരെ പരിശോധനയ്ക്കുശേഷമേ വീട്ടിലേക്ക് തിരിച്ചയക്കൂവെന്ന് സൂപ്രണ്ട് ഡോ. ആർ ബിജുകൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷ എം ദാസ് എന്നിവർ പറഞ്ഞു.  ചൊവ്വന്നൂർ പുതുശേരിയിൽ സംഘപരിവാർ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറി പി യു സനൂപിന്റെ അനുസ്മരണാർഥം ഞായറാഴ്ച ഡിവൈഎഫ്ഐ വളണ്ടിയർമാർ ഗവ. മെഡിക്കൽ കോളേജ് പരിസരം മാലിന്യമുക്തമാക്കി. 40 വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവർത്തനം സംഘടിപ്പിച്ചത്. ആവശ്യമായ കോവിഡ് രോഗികൾക്ക് പ്ലാസ്മയും നൽകി. Read on deshabhimani.com

Related News