കിലോ 167, കുതിച്ചുയർന്ന്‌ കോഴി വില

ബ്രോയിലർ കോഴികൾ നല്ലങ്ങരയിലെ വിൽപ്പന കേന്ദ്രത്തിൽ നിന്ന്‌


തൃശൂർ കോഴി ഇറച്ചി വിലയിൽ വൻ വർധന. കിലോയ്‌ക്ക്‌ 167 ആയി ഉയർന്നു.  കോഴിമുട്ടയുടെ വിലയും കൂടി.  ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ചൂട് കൂടിയതോടെ  തമിഴ്‌നാട്ടിലും കേരളത്തിലും  ഉൽപ്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകൾ പറയുന്നു. എന്നാൽ  ഉടമകൾ അനാവശ്യമായി  വില വർധിപ്പിക്കുന്നുവെന്നാണ്  ചെറുകിട വ്യാപാരികളുടെ പരാതി.  തമിഴ്‌നാട്ടിലെ വൻകിട ലോബികളാണ്‌ വില നിയന്ത്രിക്കുന്നതെന്ന്‌  വ്യാപാരികൾ പറയുന്നു. കേരളത്തിൽ കോഴി ഉൽപ്പാദിപ്പിച്ചാലും വില നിർണയം  തമിഴ്‌നാട് ലോബികളുമായി ആലോചിച്ചാണെന്നും പരാതിയുണ്ട്‌. കോഴി വളർത്തൽമുതൽ ഇറച്ചി വില നിയന്ത്രണംവരെ  തമിഴ്‌നാട്‌ ഫാമുകളാണ്‌ നിയന്ത്രിക്കുന്നത്‌. കേരളത്തിൽ വളർത്താനുള്ള ബ്രോയിലർ  കുഞ്ഞുങ്ങളെ തമിഴ്‌നാട്ടിൽ നിന്നാണ്‌  കൂടുതലായും വാങ്ങുന്നത്‌.   കേരളത്തിലേക്ക്‌ വിൽക്കുന്ന ബ്രോയിലറുകളുടെ കണക്ക്‌ ശേഖരിക്കാൻ തമിഴ്‌നാട്ടിൽ കോ–-ഓർഡിനേഷൻ സംവിധാനമുണ്ട്‌.  കേരളത്തിൽ ഉൽപ്പാദനം  കൂടിയാൽ തമിഴ്‌നാട്‌  ബോധപൂർവം കോഴിവില കുറയ്ക്കും.  ബ്രോയിലർ കുഞ്ഞിന്‌ 32 രൂപമുതൽ 37വരെയാണ്‌ വില. തീറ്റയും പ്രധാനമായും തമിഴ്‌നാട് ഉൽപ്പന്നങ്ങളാണ്‌. 42 ദിവസം വളർത്തിയാണ്‌ വിൽക്കുക. അതിനുശേഷം നിർത്തിയാൽ തീറ്റക്കൂലി ഉൾപ്പടെ നഷ്ടമാവും. അതിനാൽ വിലകുറയ്‌ക്കാൻ ചെറുകിട കർഷകർ നിർബന്ധിതരാവും.  കോഴിക്കുഞ്ഞുങ്ങൾക്കും തീറ്റയ്ക്കും തമിഴ്‌നാട്‌  അമിതവില ഈടാക്കിയതോടെ  വൻനഷ്ടവും സംഭവിച്ച്‌  കേരളത്തില ചെറുകിട കർഷകർ ഫാമുകൾ പൂട്ടി. ഇതോടെ  വില നിയന്ത്രണം കുത്തകകളുടെ കൈപ്പിടിയിലായി.  ചെറുകിട വ്യാപാരികൾ കിട്ടുന്ന കമീഷൻ കുറച്ച്‌ ജില്ലയിൽ  കിലോയ്ക്ക്‌ 160 രൂപയ്ക്കും  വിൽക്കുന്നുണ്ട്‌. കേരളത്തിൽ ഉൽപ്പാദിപ്പിച്ച കോഴികൾ അടുത്തയാഴ്‌ച എത്തുമെന്നും വില കുറയാൻ സാധ്യതയുണ്ടെന്നും  ഫാമുടമകൾ പറഞ്ഞു. Read on deshabhimani.com

Related News