ചുവപ്പുജ്വാലയായി ഇന്നും പരിയാരം



തൃശൂർ മണ്ണിനായി കർഷകരുടെ  ചോരചിന്തിയ പരിയാരം സമരത്തിന്റെ ചരിത്രസ്‌മരണകൾക്ക്‌ 75 ആണ്ട്‌.  ജന്മിത്വത്തിന്റെ കൊള്ളപ്പാട്ടത്തിനും കുടിയിറക്കാനുള്ള നീക്കത്തിനുമെതിരെ നടന്ന സമരം ഇന്നും ചുവപ്പുജ്വാല പടർത്തുകയാണ്‌. 1948 ജൂൺ 11 ന്‌ കോടശേരി പഞ്ചായത്തിലെ മേട്ടിപ്പാടത്തായിരുന്നു ചരിത്രമെഴുതിയ പ്രക്ഷോഭം.    പരിയാരം, കോടശേരി, അതിരപ്പിള്ളി പഞ്ചായത്തുകൾ ചേർന്നതായിരുന്നു പഴയ പരിയാരം പഞ്ചായത്ത്.  കോടശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കോടശേരി കർത്താക്കൾ എന്ന ഭരണാധികാരിയുടെ കീഴിൽ.   1944 ൽ അഖില കൊച്ചി കർഷക സമ്മേളനത്തിന്‌ പരിയാരം സാക്ഷ്യംവഹിച്ചു. എ കെ  ജിയായിരുന്നു ഉദ്ഘാടനം.  സി അച്യുതമേനോൻ അധ്യക്ഷനായിരുന്നു.  വി വി ദാമോദരൻ, ഗാർഡ്‌സൺ ദേവസിക്കുട്ടി, പി സി പൈലിക്കുട്ടി, കാട്ടുപറമ്പൻ കോരപ്പൻ തുടങ്ങിയവരായിരുന്നു  സംഘാടകർ. തുടർന്ന്‌   ജന്മിവാഴ്ചയ്‌ക്കും കുടിയിറക്കലിനുമെതിരായി പ്രതിരോധങ്ങളുയർത്തി.   കർഷകരെ കുടിയിറക്കാൻ പ്രമാണിവർഗം  ശ്രമിച്ചു.  അക്കാലത്ത്‌ ക്രിസ്ത്യൻ മിഷണറി സ്ഥാപനം കൊച്ചി രാജാവിൽനിന്ന് സെറ്റിൽമെന്റ് കുന്ന് 99 വർഷത്തേക്ക് പാട്ടത്തിനെടുത്തിരുന്നു. ഈ ഭൂമി അളന്ന് തിട്ടപ്പെടുത്താനെന്ന വ്യാജേന പൊലീസിന്റെ സഹായത്തോടെ കൃഷിക്കാരുടെ ഭൂമിയും  വേലി കെട്ടി  കുടിയൊഴിപ്പിക്കാൻ  ശ്രമിച്ചു.  ഇതിനെതിരെ പ്രതിഷേധം പടർന്നു.   അടിച്ചമർത്താൻ  ഇൻസ്‌പെക്ടർ ശങ്കുണ്ണിയുടെ നേതൃത്വത്തിൽ പൊലീസ് സംഘത്തെ സർക്കാർ നിയോഗിച്ചു.   1948 ജൂണിൽ  കർഷകർ പ്രകടനമായെത്തി ചെങ്കൊടി നാട്ടി അവകാശം സ്ഥാപിച്ചു.  പൊലീസ് സമരക്കാരെ മർദിച്ചു. കർഷകർ തിരിച്ചടിച്ചു.   തുടർന്ന്  എംഎസ്‌പി ക്യാമ്പ് ആരംഭിച്ച്    മർദനവാഴ്ച. സ്ത്രീകളും കുട്ടികളും  വേട്ടയാടലുകൾക്ക് വിധേയരായി. നിരവധി പേർ പീഡനമേറ്റ് മരിച്ചു.  56 പേരുള്ള പട്ടികയാണ് കോടതിയിൽ ഹാജരാക്കിയത്.  പി ഗംഗാധരൻ, എം കെ കാട്ടുപറമ്പൻ, പി സി പൈലിക്കുട്ടി,  വി വി ദാമോദരൻ, കെ കെ പൈങ്കി, കെ കെ കൃഷ്ണൻ, കെ കെ കുട്ടൻവൈദ്യൻ,  സി വി  ദേവസിക്കുട്ടി  തുടങ്ങിയവരെ പത്തുവർഷത്തെ തടവിന് വിധിച്ചു. 1957 ലെ ഇ എം എസിന്റെ മന്ത്രിസഭാ കാലത്താണ് ഇവരെ മോചിപ്പിച്ചത്.   Read on deshabhimani.com

Related News