തുള്ളി ചോരാതെ കാക്കാൻ തൃശൂരിന്റെ ജലപാഠം

ജലസംരക്ഷണത്തിനായി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച 
തൃശൂർ ഗവ. എൻജിനിയറിങ് കോളേജ്‌ ടീം


തൃശൂർ ‘ഓരോ തുള്ളിയും അമൂല്യം’ എന്ന സന്ദേശത്തിനൊപ്പം   പ്രയോഗിക ജലമാതൃകയുമായി തൃശൂർ ഗവ. എൻജി. കോളേജ്‌ വിദ്യാർഥികൾ.    ഐബിഎം കോൾ ഫോർ കോഡ് സംഘടിപ്പിച്ച ഗ്ലോബൽ ഹാക്കത്തോണിൽ വിദ്യാർഥികൾ അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷന്‌ ലോക അംഗീകാരം.    കേരളത്തിൽ നിന്നുള്ള ഏക വിദ്യാർഥി ടീമായും തെരഞ്ഞെടുക്കപ്പെട്ടു.     രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ നേഹ സൂസൻ മനോജ് , മരിയ തോമസ്, അബിൽ സാവിയോ, ഗോകുൽ ദിനേശ്, മരിയ വിജി ജോർജ് എന്നിവർ ചേർന്നാണ്‌  "ഇക്കോടോപ്പിയ, ദി  സസ്‌റ്റൈനബിൾ  വില്ലേജ് ’ മൊബൈൽ ആപ്ലിക്കേഷൻ  വികസിപ്പിച്ചെടുത്തത്‌.  കംപ്യൂട്ടർ സയൻസ് വിഭാഗം അസി. പ്രൊഫസർ അജയ് ജയിംസാണ്‌ ടീമിനെ നയിച്ചത്. ജല നിരീക്ഷണത്തിനായി ഐഒടി അധിഷ്ഠിത ഉപകരണം ജലടാങ്കിലും   മഴവെള്ള സംഭരണിയിലും സ്ഥാപിക്കും. ഈ ഉപകരണം ദൈനംദിന, പ്രതിമാസ, വാർഷിക ജല ഉപഭോഗം അളക്കും. ഈ ഡാറ്റ ലോറവൻ ഗേറ്റ്‌വേയിലേക്കും തുടർന്ന്‌  ക്ലൗഡിലേക്കും അയയ്ക്കുന്നു. ലോറവൻ ഐഒടി റേഡിയോ തരംഗങ്ങളാണ്‌ ഇതിനായി  ഉപയോഗിക്കുന്നത്‌.  അതിനാൽ വൈഫൈ ആവശ്യമില്ല. ജല ഉപയോഗം സ്വയം തിരിച്ചറിഞ്ഞ്‌ കുറയ്‌ക്കാനാവും. മഴവെള്ളക്കൊയ്‌ത്തും അറിയാം.  ജലഉപയോഗം നിയന്ത്രിക്കുന്നവർക്ക്‌ വിവിധ അംഗീകാരം  നൽകും.    വൻകിട കമ്പനികൾ ഉൾപ്പെടെ പങ്കെടുത്ത ഗ്ലോബൽ ഹാക്കത്തോണിൽ  ആയിരത്തിലധികം  ടീമുകളുണ്ടായിരുന്നു.  ഇതിൽ ആദ്യ 40  ടീമിൽ സ്ഥാനം നേടി വിദ്യാർഥികൾ  ഫൈനൽ റൗണ്ടിന്    യോഗ്യത നേടി. ഇന്ത്യയിലെ മികച്ച ഒമ്പത്‌ ടീമുകളിലൊന്നായതും  നേട്ടമായി. Read on deshabhimani.com

Related News