ഓൺലൈന്‍ പഠനസൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കും: മുഖ്യമന്ത്രി



തൃശൂർ സ്കൂൾ വിദ്യാർഥികൾക്ക് ഇനിയും ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരത്തിൽ പഠനസൗകര്യം ലഭിക്കാത്തവർക്ക്‌ അത് ലഭ്യമാക്കാനുള്ള നടപടി ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കോവിഡ് കാലത്ത് സ്കൂൾ കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യ കിറ്റുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോടാലി ഗവ. എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി. ഭക്ഷ്യ കിറ്റുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു. പ്രീപ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി കുട്ടികൾക്ക് മൂന്ന് തരത്തിലുള്ള കിറ്റുകളാണ്‌ നൽകുന്നത്. പ്രീപ്രൈമറി കിറ്റിൽ 1.2 കിലോഗ്രാം അരിയും 283.50 രൂപയുടെ 9 ഇനം പലവ്യഞ്ജനങ്ങളുമാണുള്ളത്. പ്രൈമറി കിറ്റിൽ നാലു കിലോ അരിയും 283.50 രൂപയുടെ 9 ഇനം പലവ്യഞ്ജനങ്ങളുമുണ്ട്‌. അപ്പർ പ്രൈമറി കിറ്റിൽ ആറ്‌ കിലോ അരിയും 380.50 രൂപയുടെ ഒമ്പതിനം പലവ്യഞ്ജനങ്ങളുമാണുള്ളത്. ചെറുപയർ, കടല, തൂവരപ്പരിപ്പ്, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ആട്ട, പഞ്ചസാര, ഉപ്പ് എന്നിവയാണ് കിറ്റിലുള്ള പലവ്യഞ്ജനങ്ങൾ. പ്രീപ്രൈമറി വിഭാഗത്തിൽ 2,21,133 കുട്ടികൾക്കും പ്രൈമറി വിഭാഗത്തിൽ 14,22,212 കുട്ടികൾക്കും അപ്പർ പ്രൈമറി വിഭാഗത്തിൽ 9,83,418 കുട്ടികളുമുൾപ്പെടെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ 26.27 ലക്ഷം കുട്ടികൾക്ക് കിറ്റ് ലഭിക്കും. 81.37 കോടി രൂപയാണ് പദ്ധതിച്ചെലവ്. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സപ്ലൈകോയാണ് കിറ്റുകൾ തയ്യാറാക്കിയത്. അടുത്തദിവസങ്ങളിൽ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും ശാരീരിക അകലവും പാലിച്ച് കിറ്റുകൾ വിതരണം ചെയ്യും.  മന്ത്രി പി തിലോത്തമൻ ഓൺലൈൻ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി. സിവിൽ സപ്ലൈസ് സിഎംഡി ഡോ. ബി അശോക് സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു നന്ദി പറഞ്ഞു. Read on deshabhimani.com

Related News