ആഹ്ലാദത്തിരയിൽ തീരദേശം

അഴീക്കോട് –-മുനമ്പം പാലം നിർമാണോദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു


കൊടുങ്ങല്ലൂർ തീരവാസികളുടെ മനസ്സിൽ ആഹ്ലാദത്തിരകളുയർന്നു. അഴീക്കോട് -–-മുനമ്പം ദേശവാസികൾക്ക് ഇത് ചരിത്ര നിമിഷം.  ജനസഞ്ചയത്തെ സാക്ഷിയാക്കി അഴീക്കോട് –-മുനമ്പം പാലം നിർമാണോദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. തൃശൂർ–- എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന   പാലത്തിന്റെ നിർമാണത്തിന് 160 കോടി രൂപയാണ് സർക്കാർ കിഫ്ബി വഴി അനുവദിച്ചത്. പാലത്തിന് 1123.35 മീറ്റർ നീളവും 15 .70 മീറ്റർ വീതിയുമുണ്ട്. പാലത്തിന്റെ ഇരുവശത്തും 1.50 മീറ്റർ വീതിയുള്ള നടപ്പാതയും പാതയുടെ പടിഞ്ഞാറ് ഭാഗത്ത് നടപ്പാതയോടുചേർന്ന് 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കും ഉണ്ടാകും. 18 മാസത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കും. നാടിന്റെ വികസന ചരിത്രത്തിൽ നാഴികക്കല്ലാകുന്ന പാലം നിർമാണോദ്‌ഘാടന ചടങ്ങിലേക്ക്  വൻ ജനാവലിയെത്തി. അഴീക്കോട് ജെട്ടിയിലെ ഐഎംയുപി സ്കൂൾ അങ്കണം അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലായി.  മുസിരീസിന്റെ ഹൃദയ കവാടത്തിൽ വൈവിധ്യമാർന്ന കലാപ്രകടനങ്ങളോടെയാണ് സമ്മേളനത്തിന് തുടക്കമായത്.  സ്വാഗത സംഘം ചെയർമാൻ ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷനായി. മന്ത്രി  കെ രാജൻ, എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, കെ എൻ ഉണ്ണിക്കൃ-ഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ഡേവിസ്, ഉല്ലാസ് തോമസ്,  തൃശൂർ കലക്ടർ കൃഷ്ണ തേജ, സ്വാഗത സംഘം ജനറൽ കൺവീനർ കെ പി രാജൻ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്‌  രമണി അജയൻ എന്നിവർ സംസാരിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് ലീഡർ എസ് ദീപു റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികൾ, രാഷ്ടീയ നേതാക്കൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News