‘സ്വാതന്ത്ര്യത്തിന്റെ കെെയൊപ്പ് ' 
പരിപാടി നാളെ



തൃശൂർ സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികാഘോഷത്തിന്റെ ഭാഗമായി  വിപുലമായ പരിപാടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ബുധനാഴ്‌ച രാവിലെ പത്തിന്‌ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ, അധ്യാപകർ, പിടിഎ, എംപിടിഎ അംഗങ്ങൾ എന്നിവരെ ചേർന്ന് ‘സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് 'എന്ന പരിപാടി സംഘടിപ്പിക്കും.  ഓരോ വിദ്യാലയത്തിലും അഞ്ചുമീറ്ററിൽ കുറയാത്ത വെള്ളത്തുണി വലിച്ചുകെട്ടി എല്ലാവരും തങ്ങളുടെ കയ്യൊപ്പ് വെയ്ക്കും. തുടർന്ന് പത്തുമിനിറ്റിൽ കുറയാത്ത തരത്തിൽ ചെറുയോഗവും സ്വാതന്ത്ര്യത്തിന്റെ 75 അമൃതവർഷങ്ങൾ എന്ന പേരിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചേർപ്പ് ഉപജില്ലയിലെ സെന്റ് ആന്റണീസ് യുപി സ്‌കൂളിൽ സി സി മുകുന്ദൻ എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ ഡേവിസ് അധ്യക്ഷനാകും. 11ന് രാവിലെ പത്തിന്‌ ജില്ലയിലെ 1028 സ്‌കൂളുകളിലും ‘ഗാന്ധിമരം' എന്ന പേരിൽ ഫലവൃക്ഷത്തൈ നടും. ജില്ലാതല പരിപാടി വടക്കാഞ്ചേരി ഗവ. ഗേൾസ് എൽപി സ്‌കൂളിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനാകും. 12ന് രാവിലെ തൃശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സാംസ്‌കാരിക സംഗമം സംഘടിപ്പിക്കും. തുടർന്ന് ഗവ. ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ,  റാലികൾ, സൈക്കിൾ റാലികൾ, പ്രശ്‌നോത്തരി, ദേശഭക്തിഗാന മത്സരം, തുടങ്ങി വിവിധ പരിപാടികൾ സ്‌കൂൾ തലത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. പതാക ഉയർത്തലും ഉണ്ടാകും. Read on deshabhimani.com

Related News