അമ്മിഞ്ഞയ്ക്കായി കെെക്കുഞ്ഞ് ജയിലിൽ



ഐരാണിക്കുളം തെക്കേ പുഷ്പകം ദേവകി നമ്പീശന് ആറു പതിറ്റാണ്ടു മുമ്പ്‌  എ കെ ജി നയിച്ച കർഷകജാഥയും ജയിൽവാസവും ഇന്നും ജ്വലിക്കുന്ന ഓർമ. വയസ്സ്‌ തൊണ്ണൂറായി.  കാഴ്ചയും കുറഞ്ഞു.  പക്ഷേ, പൂത്തോളിലെ ടെമ്പിൾ സ്ട്രീറ്റിൽ പുഷ്പകത്തിരുന്ന് പഴയ സമരകഥകൾ പറയുമ്പോൾ  തളർച്ചയില്ല.  സിപിഐ എം നേതാവായിരുന്ന എ എസ് എൻ നമ്പീശന്റെ ഭാര്യയാണ് ദേവകി. 1961 ഡിസംബർ നാലിനാണ് എ കെ ജിയുടെ നേതൃത്വത്തിൽ കണ്ണൂരിൽനിന്നും കർഷകജാഥ ആരംഭിച്ചത്. കൊട്ടിയൂർ ദേവസ്വം ഭൂമിയുടെ മേൽപ്പാട്ടം റദ്ദാക്കുക, കൊട്ടിയൂരിലെ കൃഷിക്കാരെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം. കർഷകജാഥ തൃശൂരിലെത്തിയപ്പോൾ ജാഥാംഗങ്ങളായ രണ്ട് വനിതാംഗങ്ങൾക്ക് അസുഖം ബാധിച്ചു. ഇവർക്ക് സഞ്ചരിക്കാനാകാത്ത സ്ഥിതി വന്നു. എ കെ ജി തൃശൂരിലെ കമ്യൂണിസ്റ്റ് പാർടി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. സി ജനാർദനനാണ്   ജില്ലാ സെക്രട്ടറി. രണ്ട് വനിതാ പ്രവർത്തകരെ തൃശൂരിൽനിന്ന് സംഘടിപ്പിക്കാൻ  എ എസ്  എൻ നമ്പീശനെ  ചുമതലപ്പെടുത്തി.  അദ്ദേഹം ഭാര്യയോട് ജാഥയിൽ പോകാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. വേലൂരിലെ അമ്മുവിനെയും പങ്കെടുപ്പിക്കാൻ നിശ്ചയിച്ചു. ഒന്നരവയസ്സുള്ള മകൾ ഗീതാദേവിയെ മുലയൂട്ടുന്നത് നിർത്തിയിരുന്നില്ല.  ആ ഘട്ടത്തിൽ   യാത്ര പ്രയാസകരമായിരുന്നു. പക്ഷേ, പാർടി തീരുമാനം നടപ്പാക്കുകതന്നെ. ഗീതയെയും മറ്റു മക്കളായ ആര്യ, സതി, സോമനാഥൻ എന്നിവരെയും വീട്ടിലാക്കിയാണ് ദേവകി പ്രക്ഷോഭത്തിൽ ചേർന്നത്.  ജാഥ എറണാകുളത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. ജാഥ മുന്നോട്ടു നീങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്ന്  അറിയിച്ചു. പിന്നോട്ടില്ലെന്ന്‌ എ കെ ജി പറഞ്ഞു. എല്ലാ   ജാഥാംഗങ്ങളെയും അറസ്റ്റ് ചെയ്‌ത്‌ ആലുവ സബ്‌ ജയിലിലടച്ചു.എ കെ ജിക്ക് എ ക്ലാസ് സെൽ നൽകാമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞെങ്കിലും അദ്ദേഹം നിരസിച്ചു.  മുലയൂട്ടാനാകാത്തതിനാൽ ദേവകിക്ക്  കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടു.  മകൾ ഗീതാദേവിയുമായി നമ്പീശൻ മാഷ് ജയിലിൽ കാണാനെത്തിയത്  മറക്കാനാകില്ല. ജയിൽ ഉദ്യോഗസ്ഥർക്കിടയിൽ നിൽക്കുകയായിരുന്ന അമ്മയെ കണ്ടപ്പോൾ കുഞ്ഞ് ഓടിയെത്തി. കുഞ്ഞിനെ മാറോടു ചേർത്ത്‌ മാറിനിന്ന് മുലയൂട്ടി. കുഞ്ഞിനെക്കൂടി ജയിലിൽ പാർപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അധികൃതർ  തയ്യാറായില്ല. കർഷകജാഥയിലെ പങ്കാളിത്തവും ജയിൽവാസവും അക്കാലത്ത് തങ്ങളുടെ കുടുംബങ്ങളിൽ വലിയ വാർത്തയായിരുന്നു. പലരും പരിഹസിച്ചു. വലിയൊരു പ്രസ്ഥാനത്തിന്റെ പോരാട്ടവഴികളിൽ  കണ്ണിയായി എന്ന അഭിമാനമാണ്‌ അന്നും ഇന്നും –-  ദേവകി നമ്പീശൻ പറഞ്ഞു. Read on deshabhimani.com

Related News