150 വാഹനങ്ങൾ പരിശോധിച്ചു: 
99നും പിഴ

പാലിയേക്കരയിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്മെന്റ്‌ വിഭാഗത്തിന്റെ മിന്നൽ പരിശോധന


പാലിയേക്കര ദേശീയപാത പാലിയേക്കര ടോൾ ബൂത്തിന് സമീപം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗത്തിന്റെ മിന്നൽ പരിശോധന. വാഹനങ്ങളിൽ  ആഡംബരത്തിനായി ഘടിപ്പിച്ച വസ്തുക്കളെല്ലാം നീക്കം ചെയ്ത് പിഴ ചുമത്തി. വടക്കഞ്ചേരിയിലുണ്ടായ ബസ്സപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. എൻഫോഴ്സ്മെന്റിന്റെ ജില്ലയിലെ അഞ്ച് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  150 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ 99 വാഹനങ്ങളിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തി. അനധികൃത രൂപമാറ്റം നടത്തിയ ഒമ്പത്‌ വാഹനങ്ങളും ഫ്ലാഷ്‌ ലൈറ്റുകൾ ഘടിപ്പിച്ച 15 വാഹനങ്ങളും അമിത ശബ്ദസംവിധാനമുള്ള -20 വാഹനങ്ങളും കണ്ടെത്തി. 99 വാഹനങ്ങളിൽനിന്നായി 98,000 രൂപ പിഴ ഈടാക്കി.  വിനോദ സഞ്ചാര വാഹനങ്ങളും ലോറികളും സംഘം പരിശോധിച്ചു. ടൂറിസ്റ്റ് ബസുകൾ, വാനുകൾ തുടങ്ങിയ വാഹനങ്ങളിലെ എയർഹോണുകൾ, അധികമായി ഘടിപ്പിച്ച ലൈറ്റുകൾ, എൽഇഡി ബൾബുകൾ, കാഴ്‌ച മറയ്‌ക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ എന്നിവ അഴിച്ചുമാറ്റിച്ചു. വാഹനത്തിനുള്ളിൽ ഘടിപ്പിച്ച സൗണ്ട് സിസ്റ്റങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകി. ഇത്തരത്തിൽ നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ പിഴ ചുമത്തി.  നിയമം ലംഘിച്ച് ഘടിപ്പിച്ച വസ്തുക്കളെല്ലാം നീക്കം ചെയ്ത് ഒരാഴ്ചയ്‌ക്കുള്ളിൽ അതത് ആർടിഒ ഓഫീസുകളിൽ വാഹനം എത്തിക്കണമെന്ന നിർദേശത്തോടെയാണ് ബസുകൾ ഉൾപ്പടെയുള്ള വിനോദ സഞ്ചാര വാഹനങ്ങൾ അധികൃതർ വിട്ടയച്ചത്.  വിനോദയാത്രയ്‌ക്ക് പോകുന്ന വാഹനങ്ങൾ രണ്ടുദിവസം മുമ്പ്‌ ആർടിഒ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ സജി തോമസ് പറഞ്ഞു. തൃശൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ കെ കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടനുഭവിക്കാത്ത രീതിയിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. Read on deshabhimani.com

Related News