വേണം കരുതൽ; 
ഡെങ്കിപ്പനി പടരാൻ സാധ്യത



തൃശൂർ ജില്ലയിൽ പല പ്രദേശങ്ങളിലും കൊതുകിന്റെ സാന്ദ്രത കൂടുതലാണെന്നും  ഡെങ്കിപ്പനി പടർന്നുപിടിക്കാൻ  സാധ്യതയെന്നും ആരോഗ്യ വകുപ്പ്‌  റിപ്പോർട്ട്‌.   കഴിഞ്ഞവർഷം  ഇതേസമയം  41   ഡെങ്കിപ്പനി  കേസാണ്‌  റിപ്പോർട്ട് ചെയ്തത്‌. എന്നാൽ, ഈ  വർഷം  127 സ്ഥിരീകരിച്ച കേസുകൾ  റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  സംശയാസ്പദമായ 293 കേസുകളും റിപ്പോർട്ട് ചെയ്‌തു.  ജില്ലയിൽ ഒല്ലൂർ, മറ്റത്തൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി   കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  ഒല്ലൂരിൽ  40  കേസുകളും   മറ്റത്തൂരിൽ   12  കേസുകളും സ്ഥിരീകരിച്ചു.   ഡെങ്കിപ്പനിക്കെതിരെ ജനങ്ങൾ  മുൻകരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ . ടി പി ശ്രീദേവി അറിയിച്ചു.  ശുദ്ധജലത്തിൽ  വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്.  കൊതുക് മുട്ടയിട്ടു പെരുകാൻ സാധ്യതയുള്ള, വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയാണ് ഡെങ്കി പ്രതിരോധമാർഗം.  പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കു പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭലക്ഷണങ്ങൾ. രോഗലക്ഷണം കണ്ടാൽ ഉടൻ  ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടണം. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കുവാനും  ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഡെങ്കി  വൈറസ്   രണ്ടാമതും   പ്രവേശിച്ചാൽ രോഗം  ഗുരുതരമാകും.   മഴക്കാലം ആരംഭിച്ചതോടെ കൊതുകുകളുടെ എണ്ണം കൂടുകയും രോഗം പടർന്നുപിടിക്കാനുള്ള സാഹചര്യങ്ങൾ വർധിക്കുകയും ചെയ്‌തു. കൊതുകുമൂലമുള്ള  പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം തുടരുകയാണ്.  ഇത്തരം പ്രവർത്തനങ്ങൾക്ക്    ജനങ്ങളുടെ  പൂർണസഹകരണം ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  അഭ്യർഥിച്ചു. Read on deshabhimani.com

Related News