സംഭരിച്ച നെല്ലിന്റെ വിലയ്ക്കായി 
കര്‍ഷകരുടെ മാര്‍ച്ച്‌

കർഷക സംഘം മുല്ലശേരി എഡിഎ ഓഫീസിനു മുന്നിൽ നടത്തിയ സമരം ജില്ലാ സെക്രട്ടറി എ എസ് കുട്ടി ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ  കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുക, സംഭരണത്തിലെ അപാകതകൾ പരിഹരിക്കുക, നെൽവില നൽകാനുള്ള കൺസോർഷ്യത്തിൽ കേരള ബാങ്കിനെക്കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കൃഷി എഡിഎ ഓഫീസുകളിലേയ്ക്കും തൃശൂർ പാഡി ഓഫീസിലേയ്ക്കും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കർഷകർ മാർച്ചും ധർണയും നടത്തി.     ജില്ലയിൽ ഇരുപതിനായിരത്തിൽതാഴെ കർഷകർക്കായി 200 കോടി രൂപയോളം നൽകാനുണ്ട്‌. കൺസോർഷ്യത്തിൽ കൂടുതൽ കർഷകർക്ക് അക്കൗണ്ടുള്ള കേരള ബാങ്കിനെ ബോധപൂർവം ഒഴിവാക്കിയിരിക്കുകയാണ്. പിആർഎസ് വായ്പ 6. 5ശതമാനം പലിശയ്ക്ക് നൽകാമെന്ന് കേരള ബാങ്ക് വാഗ്ദാനം നിലനിൽക്കുമ്പോൾ കൺസോർഷ്യത്തിൽനിന്ന് 8.5ശതമാനം പലിശയ്ക്കാണ് സപ്ലൈകോ 2500 കോടി രൂപ വായ്‌പയെടുക്കുന്നത്. ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ്‌ മാർച്ച്‌ സംഘടിപ്പിച്ചത്. മുല്ലശേരിയിൽ കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി  ഉദ്‌ഘാടനം ചെയ്‌തു. ചേർപ്പിൽ ജില്ലാ പ്രസിഡന്റ്‌ പി ആർ വർഗീസും കൊടകരയിൽ ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണനും  ഉദ്‌ഘാടനം ചെയ്‌തു.  സംസ്ഥാന കമ്മിറ്റിയംഗങ്ങായ പി കെ ഡേവീസ്‌ തൃശൂരിലും  എം എം അവറാച്ചൻ മണ്ണുത്തിയിലും പി ഐ സജിത നാട്ടികയിലും  കെ വി സജു ഒല്ലൂ രിലും ഉദ്‌ഘാടനം ചെയ്‌തു. പുഴയ്ക്കലിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഗീത ഗോപിയും കുന്നംകുളത്ത്‌ എം ബാലാജിയും വടക്കാഞ്ചേരിയിൽ പി എ ബാബുവും മാളയിൽ സെബി ജോസഫും ഇരിങ്ങാലക്കുടയിൽ എം എ ഹാരിസ്ബാബുവും കൊടുങ്ങല്ലൂരിൽ കെ കെ അബീദലിയും ചാലക്കുടിയിൽ ടി പി ജോണിയും  ചാവക്കാട് എം ആർ രാധാകൃഷ്ണനും  ഉദ്‌ഘാടനം ചെയ്തു.   Read on deshabhimani.com

Related News