ജില്ലയിൽ കൃത്യതയോടെ നടപ്പാക്കും



തൃശൂർ ജൂൺ ഒമ്പത്‌ അർധരാത്രി 12 മുതൽ ജൂലൈ 31 അർധരാത്രി 12വരെ 50 ദിവസത്തെ ട്രോളിങ്‌  നിരോധനം ജില്ലയിൽ കൃത്യതയോടെ നടപ്പാക്കാൻ കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ട്രോളിങ്‌ നിരോധന കാലയളവിൽ തീരദേശ പൊലീസ് വിഭാഗത്തിന് അടിയന്തര സാഹചര്യങ്ങളെ  നേരിടാനാവശ്യമായ ഇന്ധനം നൽകും.  ട്രോളിങ്‌ നിരോധനകാലത്ത് തൊഴിൽ നഷ്ടപ്പെടുന്ന അനുബന്ധ തൊഴിലാളികൾക്ക് സൗജന്യ റേഷൻ യഥാസമയം കൃത്യമായി വിതരണം ചെയ്യും. ഈ കാലയളവിൽ ട്രോളിങ്‌ ബോട്ടുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‌ കോസ്റ്റൽ പട്രോളിങ് ശക്തമാക്കാൻ റൂറൽ ജില്ലാ പൊലീസ് ചീഫിന് നിർദേശം നൽകി. അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ മെയ് 15 മുതൽ 24 മണിക്കൂർ പ്രവർത്തനസജ്ജമായ ഫിഷറീസ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ കലക്ടറേറ്റ് കൺട്രോൾ റൂമിലും നേവിയുടെ ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം. ഫിഷറീസ് ജില്ലാ ഓഫീസ് 0487 2441132, ഫിഷറീസ് കൺട്രോൾ റൂം ഫിഷറീസ് സ്റ്റേഷൻ അഴീക്കോട് 0480 2996090, തൃശൂർ കലക്ടറേറ്റ് കൺട്രോൾ റൂം 0487 2362424, കോസ്റ്റ് ഗാർഡ് 1093 എന്നിവയാണ് നമ്പറുകൾ. തീരപ്രദേശത്തും ഹാർബറുകളിലും മറ്റും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ യന്ത്രവൽകൃത ബോട്ടുകൾക്ക് ഒരു കാരണവശാലും ഇന്ധനം നൽകാൻ പാടില്ല. പരമ്പരാഗത തൊഴിലാളികൾ പ്രവർത്തിക്കുന്ന യാനങ്ങൾക്കൊഴികെ ഇന്ധനം നൽകുന്ന ഡീസൽ ബങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കായലിനോടോ ജെട്ടിയോടോ ചേർന്ന് പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ ട്രോളിങ്‌  നിരോധനം കഴിയുന്നതുവരെ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. പരമ്പരാഗത വള്ളങ്ങൾക്കും ‘ട്രോളിങ്‌’ അനുവദിക്കില്ല. ട്രോൾ നിരോധനം കഴിയുന്നതിനകം ബോട്ടുകൾ കളർകോഡിങ് പൂർത്തീകരിക്കണമെന്നും യോഗത്തിൽ തീരുമാനമായി. Read on deshabhimani.com

Related News