വികസന പ്രവര്‍ത്തനങ്ങള്‍ 
എംഎല്‍എ തടയുന്നു



ചാലക്കുടി കാടുകുറ്റി  പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം എംഎൽഎ തുരങ്കം വയ്‌ക്കുകയാണെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.  കാടുകുറ്റിയിലെ ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ നിർമാണം സനീഷ്‌കുമാർ ജോസഫ് എംഎൽഎ പഞ്ചായത്തിലെ കോൺഗ്രസ്‌ അംഗങ്ങളെ ഉപയോഗിച്ച് തടസ്സപ്പെടുത്തുകയാണ്‌. മുൻ എംഎൽഎ ബി ഡി ദേവസിയുടെ  വികസന ഫണ്ടിൽ നിന്ന്‌ അനുവദിച്ച 99 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ നിർമാണം ആരംഭിച്ചത്‌. 2021 ജനുവരിയിൽ പഞ്ചായത്ത് അസി. എൻജിനിയർ തയ്യാറാക്കിയ എസ്റ്റിമേറ്റും പ്ലാനും തൃപ്തികരമല്ലാത്തതിനാൽ തൃശൂർ ഗവ. എൻജിനിയറിങ്‌ കോളജിനെ കൊണ്ട് പ്ലാനും സ്ട്രക്ച്ചറൽ ഡിസൈനും  തയ്യാറാക്കി.  വരുംകാല വികസനം മുന്നിൽ കണ്ട് മൂന്ന് നില കെട്ടിട സമുച്ചയമാണ് തയ്യാറാക്കിയത്. അനുവദിച്ച തുക ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ഒരുനിലയുടെ നിർമാണം ആരംഭിക്കാനും തീരുമാനിച്ചു. ടെൻഡർ പൂർത്തിയാക്കി  ഭരണാനുമതിയും  സാങ്കേതികാനുമതിയും ലഭിച്ചു.  കരാറുകാരൻ നവംബറിൽ നിർമാണം ആരംഭിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ എംഎൽഎ ഇടപെട്ടതിനെത്തുടർന്ന് ചിലർ പ്രതിഷേധവുമായി രംഗത്തെത്തി.  നിർമാണവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിലൊ തീരുമാനങ്ങളിലോ കോൺഗ്രസ്‌ അംഗങ്ങൾ വിയോജിച്ചിട്ടില്ല. എന്നാൽ കോൺഗ്രസ്‌ അംഗങ്ങളെ കൂട്ടുപിടിച്ച് എംഎൽഎ പ്ലാനും എസ്റ്റിമേറ്റും മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തി.  പ്രവൃത്തി നിർത്തിവയ്ക്കാൻ നിർവഹണ ഉദ്യോഗസ്ഥർ വഴി ആവശ്യപ്പെട്ടു. നിലവിലുള്ള പ്ലാനും എസ്റ്റിമേറ്റും പ്രകാരം നിർമാണം നടത്താനാണ്‌ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമെന്ന്‌  പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് പി സി അയ്യപ്പൻ, സ്ഥിരംസമിതി അധ്യക്ഷരായ പി വിമൽകുമാർ, രാഖി സുരേഷ്, മോഹിനി കുട്ടൻ, വർക്കി തേലേക്കാട്ട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News