പുതുക്കാട് താലൂക്ക് ആശുപത്രിയിൽ 6 കോടിയുടെ വികസനം

കെ കെ രാമചന്ദ്രൻ എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരോടൊപ്പം പുതുക്കാട്‌ താലൂക്ക്‌ ആശുപത്രിയിലെ പുതിയ വികസനസാധ്യതകൾ വിലയിരുത്താനെത്തിയപ്പോൾ


 പുതുക്കാട്   ആറുകോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ  നടപ്പാക്കുന്നതിനുള്ള നടപടി  സ്വീകരിച്ചതായി കെ കെ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. 4.25 കോടി രൂപ ചെലവിൽ നിലവിലെ പുരുഷ വാർഡിന് മുകളിലായി രണ്ടു നിലകളിലായാണ് നിർമാണം നടത്തുക. ഒന്നാം നിലയിൽ ലാബും അനുബന്ധസൗകര്യങ്ങളും, ബ്ലഡ് ബാങ്ക്, പബ്ലിക് ഹെൽത്ത് വിങ്‌ എന്നിവയും രണ്ടാം നിലയിൽ 25 കിടക്കകൾ ഉൾപ്പെടുന്ന സ്ത്രീകൾക്കുള്ള വാർഡും  നിർമിക്കും. നിലവിലെ സ്ത്രീകളുടെ വാർഡ് പൊളിച്ചു മാറ്റി  ആധുനിക സൗകര്യങ്ങളോടുകൂടിയ അമ്മയും കുഞ്ഞും കോംപ്ലക്സ് നിർമിക്കും.  ലേബർ ഓപ്പറേഷൻ തിയറ്റർ, പ്രീ-പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് തുടങ്ങിയ വിവിധ ഗൈനക് വിഭാഗങ്ങളുടെ സൗകര്യങ്ങൾ ഉൾപ്പെടുത്തും.  1. 75 കോടി രൂപ ചെലവിൽ മൾട്ടിപർപ്പസ് ഐസൊലേഷൻ വാർഡിന്റെ നിർമാണോദ്ഘാടനം മാസം 30ന് നടത്തും.  16 ന് ഡയാലിസിസ് രണ്ടാം ഷിഫ്റ്റ് പ്രവർത്തനം  തുടങ്ങും.  16 മുതൽ  ഫാർമസിയുടെ പ്രവർത്തനം രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാക്കും. ‘പുതുജീവനം - അത്രമേൽ അരികത്ത്’ എന്ന പേരിൽ ഡയാലിസിസിനും ആശുപത്രിയുടെ അടിയന്തര സൗകര്യങ്ങൾക്കുമായി പൊതുജനങ്ങളിൽനിന്ന് ഫണ്ട് സ്വരൂപിക്കാനും  തീരുമാനിച്ചു. ഒക്ടോബർ രണ്ടുമുതൽ ലേബർ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനമാരംഭിക്കും.  ഉപകരണങ്ങൾ കൊടകര ബ്ലോക്ക് പഞ്ചായത്ത് വാങ്ങി നൽകും. എച്ച്എംസി യോഗത്തിൽ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ്, എൻഎച്ച്എം  ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. യു ആർ രാഹുൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ എ മുഹമ്മദാലി, ബിഡിഒ പി ആർ അജയ്ഘോഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, നഴ്സിങ്‌ സൂപ്രണ്ട് ടി ടി ആൻസി തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News