അരേക്കാപ്പ് വീരൻകുടി കോളനിയിലെ
താമസക്കാരെ മാറ്റിപ്പാർപ്പിച്ചു



ചാലക്കുടി മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ അരേക്കാപ്പ് വീരൻകുടി ആദിവാസി കോളനിയിലെ കുടുംബാംഗങ്ങളെ റവന്യൂ വകുപ്പ് മാറ്റിപ്പാർപ്പിച്ചു.  ചൊവ്വ ഉച്ചയോടെയാണ് ആദിവാസി മുതുവാൻ വിഭാഗത്തിൽപ്പെട്ട ഏഴ് കുടുംബങ്ങളിലെ 23 അംഗങ്ങളെ മലക്കപ്പാറ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.  ഏതാനും ദിവസം മുമ്പ് മണ്ണിടിച്ചിലുണ്ടായ ഇവിടെനിന്നും മാറിത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും മറ്റെങ്ങും പോകില്ലെന്ന വാശിയിലായിരുന്നു ഇവർ.  കഴിഞ്ഞ ദിവസം നിർത്താതെ പെയ്ത മഴയെത്തുടർന്നാണ് അധികൃതർ ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി നിർബന്ധിച്ച് മാറ്റിപ്പാർപ്പിച്ചത്. ക്യാമ്പിലുള്ളവർക്ക് ഭക്ഷണം, വെളിച്ചം, ശുദ്ധജലം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തിയിട്ടുണ്ട്. ത ൃശൂർ, ചാലക്കുടി ഫയർഫോഴ്‌സ് യൂണിറ്റുകളിലെ 11 ഉദ്യോഗസ്ഥരും മലക്കപ്പാറ സ്റ്റേഷനിലെ പൊലീസുകാരും വില്ലേജ് അധികൃതരും മാറ്റിപ്പാർപ്പിക്കാൻ നേതൃത്വം നൽകിയ സംഘത്തിലുണ്ടായിരുന്നു.  ചാലക്കുടി തഹസിൽദാർ ഇ എൻ രാജു, ജില്ലാ ട്രൈബൽ ഓഫീസർ ഇ ആർ സന്തോഷ്‌കുമാർ, മലക്കപ്പാറ പൊലീസ് സബ് ഇൻസ്‌പെക്ടർ ടി ജി മുരളീധരൻ എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News