എസ്‌എസ്‌എൽസി വിജയക്കുതിപ്പിന്‌ ‘സമേതം’

മുപ്ലിയം ഹയർ സെക്കൻഡറി സ്കൂളിലെ രാത്രികാല പഠന ക്ലാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസിന്റെ 
നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചപ്പോൾ


തൃശൂർ  എസ്‌എസ്‌എൽസിക്ക്‌ വിജയക്കുതിപ്പേകാൻ ജില്ലാപഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പും കൈകോർത്ത്‌ ആവിഷ്‌കരിച്ച സമഗ്രവിദ്യാഭ്യാസ പദ്ധതി ‘സമേതം’ വിജയപഥത്തിലേക്ക്‌.  തൃശൂർ ജ്യോതിസ്, ഇരിങ്ങാലക്കുട നെല്ലിക്ക, ചാവക്കാട് അതീതം എന്നിങ്ങനെ തനത്‌ പേരുകളിൽ   ജില്ലയിലെ മൂന്ന്‌ വിദ്യാഭ്യാസ ജില്ലകളും സമേതത്തിന്റെ ഭാഗമായി. ആസൂത്രണ സമിതിയും പദ്ധതി അംഗീകരിച്ചു. ജില്ലയിൽ ആദ്യമായാണ്‌ ഇത്തരം ആസൂത്രിത  അക്കാദമിക ഇടപെടൽ എസ്‌എസ്‌എൽസി പരീക്ഷയ്‌ക്ക്‌ മുന്നോടിയായി  നടക്കുന്നത്. 2023 മാർച്ചിൽ നടക്കുന്ന എസ്‌എസ്‌എൽസി പരീക്ഷയിൽ  സംസ്ഥാനത്ത് തന്നെ എറ്റവും മികച്ച സ്ഥാനം നേടുക എന്നതാണ്‌ സമേതം  ലക്ഷ്യമിടുന്നത്‌. മെച്ചപ്പെട്ട വിജയം കൈവരിക്കുക,  കൂടുതൽ കുട്ടികൾക്ക് എപ്ലസ്‌ ലഭിക്കുക എല്ലാ വിദ്യാലയങ്ങളും 100 ശതമാനം  വിജയം നേടുക എന്നിവയും   ലക്ഷ്യമിടുന്നതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി കെ ഡേവിസ്‌,  വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി  മദനമോഹനൻ എന്നിവർ പറഞ്ഞു. ജില്ലയിലെ  വിദ്യാഭ്യാസ ഓഫീസർമാരുടെയും  പ്രധാന അധ്യാപക ഫോറം കൺവീനർമാരുടെയും യോഗം വിളിച്ചായിരുന്നു സമേതത്തിന്‌ തുടക്കം. തുടർന്ന്‌  കുട്ടികളുടെ കുടുംബപരമായ സ്ഥിതിയും കഴിവുകളും മനസ്സിലാക്കി പ്രൊഫൈൽ തയ്യാറാക്കി.  അധ്യാപകരും ജനപ്രതിനിധികളും വീടുകൾ  സന്ദർശിച്ച്‌ സ്ഥിതി മനസിലാക്കി. പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീട്ടിൽ പോയി  സഹായങ്ങൾ നൽകി. എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ വഴി കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തി. ഉയർന്ന നിലവാരം, ശരാശരി, ശരാശരിക്കും താഴെ എന്നിങ്ങനെ പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കി. പിന്നോക്കകാർക്ക്  അധിക  ക്ലാസ്സുകൾ എടുക്കാൻ അധ്യാപകർ സന്നദ്ധരായി. മികവ് കാട്ടുന്നവർക്ക്  കൂടുതൽ വിജയം കൈവരിക്കുന്നതിന് പ്രത്യേക മൊഡ്യൂളുണ്ടാക്കി. വിദ്യാർഥികൾ  ഒന്നിച്ച്‌  അയൽപക്ക പഠന വീടുകൾ വഴി സംശയങ്ങൾ തീർത്തു.  എല്ലാ വിദ്യാലയങ്ങളിലും ജനുവരി–-ഫെബ്രുവരി മാസങ്ങളിൽ രാവിലെ  ഒമ്പതുമുതൽ  അഞ്ചുവരെയും  പ്രത്യേക ക്യാമ്പുകളും  രാത്രി  ക്യാമ്പുകളും നടക്കുന്നു.  അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ ഓഫീസർമാരും ഒറ്റക്കെട്ടായി  ഒരേ ലക്ഷ്യത്തോടെ അണിനിരന്നതോടെ ജില്ലയിലെ വിദ്യാഭ്യാസ മേഖല പുതിയ കുതിപ്പിനൊരുങ്ങുകയാണ്‌. Read on deshabhimani.com

Related News