പുനര്‍ജനി നൂഴാൻ തിരക്ക്‌

തിരുവില്വാമല പുനര്‍ജനി ​ഗുഹ നൂണ്ട് പുറത്തുകടന്നുവരുന്നയാള്‍


തിരുവില്വാമല ഗുരുവായൂർ ഏകാദശിനാളിൽ തിരുവില്വാമല പുനർജനി നൂഴാൻ ആയിരങ്ങളെത്തി. പ്രതീക്ഷിച്ചതിലും തിരക്കാണ് ഇത്തവണയുണ്ടായത്. ഞായറാഴ്‌ച പുലർച്ചെ   വില്വാദ്രിനാഥ ക്ഷേത്രത്തിൽനിന്നും ക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ ഗുഹാമുഖത്ത് പ്രത്യേക പൂജ നടത്തിയതിനുശേഷം നൂഴലിന് തുടക്കമിട്ടു.  ഏകദേശം ആയിരത്തിനടുത്ത് ടോക്കണുകളാണ് ദേവസ്വം ഓഫീസിൽനിന്നും കൊടുത്തിരുന്നത്. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽനിന്നും ഏകദേശം മൂന്നു കിലോമീറ്റർ കിഴക്കുമാറിയാണ്  പുനർജനി ഗുഹ സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ രാവിലെ മേളത്തോടുകൂടിയ ശീവേലി നടന്നു. ഏകാദശി നോറ്റവർക്ക് ദേവസ്വം ബോർഡ് ലഘു ഭക്ഷണ സൗകര്യം ഒരുക്കിയിരുന്നു. ചേലക്കര പ്രസ് ക്ലബ്ബും വാണിയംകുളം പി കെ ദാസ് ആശുപത്രിയും ചേർന്ന് മെഡിക്കൽ ക്യാമ്പും സജ്ജമാക്കിയിരുന്നു. പഴയന്നൂർ പൊലീസ്, മായന്നൂർ ഫോറസ്റ്റ് സ്‌റ്റേഷൻ വനപാലകർ, വടക്കാഞ്ചേരി ഫയർ ഫോഴ്‌സ് സംഘം, ആരോഗ്യ വകുപ്പ് അധികൃതർ, പഞ്ചായത്ത് അധികൃതർ, മുതലായവർ സ്ഥലത്ത് ക്യാമ്പ് ചെയ്തു. രാവിലെ പുനർജനി നൂഴാനെത്തിയ പത്തോളം പേരെ സീതാർക്കുണ്ട് ഭാഗത്തുവച്ച് കടന്നൽ കുത്തിയത് ഏറെ നേരം പരിഭ്രാന്തിയിലാക്കിയെങ്കിലും മറ്റ് തടസ്സങ്ങളേതുമില്ലാതെ   നൂഴൽ തുടർന്നു.   Read on deshabhimani.com

Related News