വ്യാജ ഫിറ്റ്നസ് ട്രെയിനിങ് സ്ഥാപനം തൃശൂരിലും



തൃശൂർ വൻ തുക ഫീസ്‌ വാങ്ങി ഫിറ്റ്നസ് ട്രെയിനിങ് കോഴ്സ് നടത്തി, വ്യാജ സർട്ടിഫിക്കറ്റ് നൽകി നിരവധിപേരെ കബളിപ്പിച്ചതിന്‌ കളമശേരിയിലും പാലക്കാട് ചാലിശേരിയിലും പൊലീസ്‌  കേസെടുത്ത സ്ഥാപനം തൃശൂരിലും.  തൃശൂർ ദിവാൻജിമൂല ജങ്‌ഷനുസമീപത്തെ റൗഡാ കോംപ്ലക്‌സിലാണ്‌ സ്ഥാപനം പ്രവർത്തിക്കുന്നത്‌.   52 ദിവസത്തെ കോഴ്സിനായി ഒരാളിൽനിന്ന് 1.35 ലക്ഷം രൂപയായിരുന്നു ഈടാക്കിയിരുന്നത്. ചില വിദ്യാർഥികളിൽനിന്ന്‌ കൂടുതൽ പണവും ഈടാക്കുന്നുണ്ട്‌. കോഴ്സ് പൂർത്തിയാക്കി ലഭിച്ച സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിച്ചതോടെയാണ് വ്യാജസർട്ടിഫിക്കറ്റാണെന്ന് വ്യക്തമായത്‌. യുകെ, യുഎസ്എ, യുഎഇ എന്നീ രാജ്യങ്ങളിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകാമെന്നുപറഞ്ഞ് കബളിപ്പിക്കുകയും 12 ലക്ഷം രൂപ ഫീസായി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ്. മാനദണ്ഡം പാലിക്കാതെ കോഴ്സ് നടത്തിയതായും പരീക്ഷകളിൽ മനഃപൂർവം തോൽപ്പിച്ച് വീണ്ടും പരീക്ഷയ്‌ക്കായി കൂടുതൽ ഫീസ്‌ ഈടാക്കിയതായും പ്രഥമവിവര റിപ്പോർട്ടിലുണ്ട്. ഇടപ്പള്ളി ടോളിൽ പ്രവർത്തിക്കുന്ന ഐബിഐഎസ് ഫിറ്റ്നസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരായ ദിലീപ് ആർ മേനോൻ, സന്ദീപ്‌ ആർ മേനോൻ, വിപിൻ ദാസ്, രാധിക ആർ മേനോൻ, ദിവ്യ ഹരിദാസ്, പൂജ മാത്യു, ഷെറിൻ, റാഷിദ്‌, വിനീത എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. മൂന്നുതവണയായി 12 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന് ആലങ്ങാട് സ്വദേശിയായ മുഹമ്മദ് അസ്ലം, ഇടുക്കി സ്വദേശി പ്രിൻസ് വർഗീസ്, ആലുവ സ്വദേശി പി എം വിജേഷ് എന്നിവർ നൽകിയ പരാതികളിൽ കളമശേരി പൊലീസും പി ഷംസുദീന്റെ പരാതിയിൽ പാലക്കാട് ചാലിശേരി സ്റ്റേഷനിലുമാണ്‌ കേസെടുത്തത്‌. കോഴ്‌സിന്‌ ചേർന്ന്‌ വഞ്ചിതരായ തൃശൂരിലെ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News