ദുരന്തനിവാരണത്തിന്‌ പ്രത്യേക 
സംഘങ്ങൾ വേണം: കലക്ടര്‍



തൃശൂർ ജില്ലയിൽ ദുരന്തനിവാരണ, -ദുരന്ത ലഘൂകരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തദ്ദേശ സ്ഥാപനതലങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ പ്രത്യേക സംഘങ്ങൾ രൂപീകരിക്കാൻ  കലക്ടർ ഹരിത വി കുമാർ നിർദേശിച്ചു.  ദുരന്തനിവാരണത്തിൽ സന്നദ്ധപ്രവർത്തകരുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ രൂപീകൃതമായ ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. തദ്ദേശ സ്ഥാപനതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്ക് ദുരന്തനിവാരണ- ലഘൂകരണ പ്രവർത്തനങ്ങളിൽ മികച്ച പരിശീലനം ലഭ്യമാക്കണം.  സർക്കാർ പോർട്ടലായ സന്നദ്ധയിൽ രജിസ്റ്റർ ചെയ്തവരെ ഉപയോഗപ്പെടുത്തിയായിരിക്കും റാപ്പിഡ് റെസ്പോൺസ് ടീമുകൾക്ക് രൂപം നൽകുക. ദുരന്തനിവാരണം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർദേശങ്ങളുടെയും മുന്നറിയിപ്പുകളുടെയും സന്ദേശങ്ങൾ താഴേത്തട്ടുവരെ ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകണം. ദുരന്തമുഖങ്ങളിൽനിന്ന് മുൻഗണനാ ക്രമത്തിൽ ഒഴിപ്പിക്കേണ്ട ഭിന്നശഷിക്കാർ, രോഗികൾ, വയോജനങ്ങൾ തുടങ്ങിയവരുടെ കൃത്യമായ വിവരങ്ങൾ ജിയോ ടാഗിങ്ങിന്റെകൂടി സഹായത്തോടെ നവീകരിക്കാനും  കലക്ടർ നിർദേശം നൽകി. ഡെപ്യൂട്ടി കലക്ടർ കെ എസ്‌ പരീത്, ഫയർ ആൻഡ്‌ റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ കെ ഒ വിജയ് കൃഷ്ണ, പി രഘുനാഥൻ നായർ, തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News