പി ജി ജയദീപിനെ മാറ്റിയില്ലെങ്കിൽ കൂട്ടരാജി: യൂത്ത്‌ കോൺഗ്രസ്‌



വടക്കാഞ്ചേരി  സ്‌ത്രീകളോട്‌ അപമര്യാദയായി പെരുമാറിയയാളെ കോൺഗ്രസ്‌  വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി നിശ്‌ചയിച്ച കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ തീരുമാനം പിൻവലിക്കണമെന്ന്‌ യൂത്ത് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്രിമിനൽ കേസിൽ പ്രതിയായ ഒരാളെ നേതാവായി അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു.  ബ്ലോക്ക്‌ പ്രസിഡന്റായി നിയമിച്ച മിണാലൂർ സ്വദേശി പി ജി ജയദീപിനെ പിൻവലിച്ചില്ലെങ്കിൽ യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹികൾ കൂട്ടത്തോടെ രാജിവയ്ക്കണമെന്ന്‌ മണ്ഡലം വൈസ് പ്രസിഡന്റ് സി എച്ച് ഹരീഷ്, ജനറൽ സെക്രട്ടറി കെ ജി ലിജേഷ് എന്നിവർ തുറന്നടിച്ചു. അമ്മയും സഹോദരിമാരുമടക്കം എട്ട്  വനിതകൾ ഉൾപ്പെടുന്ന കുംബാംഗങ്ങളെ ലൈംഗികമായി  അധിക്ഷേപിക്കും വിധം   വ്യാജ ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആളാണ്‌ ജയദീപെന്ന്‌ സി എച്ച് ഹരീഷ്  പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തന്റെ അമ്മയുടെ സഹോദരി എം ആർ പത്മാവതി  (72)  വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന്‌ ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്‌. സ്വന്തം  പാർടിയിൽപ്പെട്ടവരെ ലൈംഗികമായി അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതിയെ പ്രസിഡന്റായി അംഗീകരിക്കാനാകില്ല. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ബ്ലോക്ക്  ജനറൽ സെക്രട്ടറി സി കെ ഹരിദാസും  പങ്കെടുത്തു. Read on deshabhimani.com

Related News