കൊച്ചിന്‍ ദേവസ്വം: ദേവാങ്കണം 
ചാരുഹരിതം പദ്ധതി ഇന്നുമുതല്‍



തൃശൂർ കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ക്ഷേത്രമുറ്റങ്ങളും കുളങ്ങളും കാവുകളും മെച്ചപ്പെടുത്താനുള്ള ‘ദേവാങ്കണം ചാരുഹരിതം പദ്ധതി’, പരിസ്ഥിതിദിനമായ  അഞ്ചിന്‌  ആരംഭിക്കും. ബോർഡിന്റെ കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും ആവശ്യമായ പൂജാപുഷ്പങ്ങളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ച് പരിപാലിക്കും.  നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈവവൈവിധ്യ സമ്പന്നമായ കാവുകളെ പരിപാലിച്ച് പ്രകൃതിസംരക്ഷണത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്‌    പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നക്ഷത്രവനം, കാവുസംരക്ഷണം, ഔഷധവനം, പുതിയകാവ് നിർമിക്കൽ തുടങ്ങിയവ നടപ്പാക്കും. ക്ഷേത്രങ്ങളിൽ ഹരിത പ്രോട്ടോക്കോൾ നടപ്പാക്കും.  ഉറവിടമാലിന്യം, ജൈവ–- അജൈവമാലിന്യം എന്നിവ സംസ്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ക്ഷേത്രജീവനക്കാർ, ക്ഷേത്ര ഉപദേശകസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി കർമസേന രൂപീകരിച്ചാണ്‌ പദ്ധതി നടപ്പാക്കുക. ഇതിനായി ദേവസ്വം മാനേജർ/ ദേവസ്വം ഓഫീസർ/ ജൂനിയർ ദേവസ്വം ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ 2017–-ൽ ഹരിതക്ഷേത്രം എന്ന പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു.  ക്ഷേത്രങ്ങളിൽ തരിശുഭൂമികളിൽ ഔഷധസസ്യങ്ങൾ, പൂജാപുഷ്പങ്ങൾ എന്നിവ നട്ടും കൃഷിയിറക്കിയും   ഹരിതാഭമാക്കിയിട്ടുണ്ട്‌. ഹരിതക്ഷേത്രം പദ്ധതിയുടെ തുടർച്ചയായാണ് ദേവാങ്കണം ചാരുഹരിതം പദ്ധതി നടപ്പാക്കുന്നത്. Read on deshabhimani.com

Related News