മഴക്കാല മുന്നൊരുക്കം;-
ജില്ല സുസജ്ജം



തൃശൂർ  മഴക്കാലം നേരിടാൻ ജില്ലയിൽ മുന്നൊരുക്കങ്ങൾ സജ്ജം.  മഴക്കാല മുന്നൊരുക്കങ്ങൾ   മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  വിലയിരുത്തി.  13 മണ്ഡലങ്ങളിലും സബ് കമ്മിറ്റികൾ രൂപീകരിക്കും.   താലൂക്ക്തലംമുതൽ ആശുപത്രികളിൽ പനി ക്ലിനിക്കുകളും വാർഡുകളും ആരംഭിച്ചതായി ഡിഎംഒ അറിയിച്ചു. ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി,  ദുരന്തനിവാരണത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ദൗർലഭ്യം നേരിടുന്ന ബ്ലീച്ചിങ് പൗഡർ പൊതുമാർക്കറ്റിൽനിന്നും വാങ്ങാൻ നിർദേശം നൽകി. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കണ്ടെത്തി ആരോഗ്യകരമായ സാഹചര്യമാണോയെന്ന് ജില്ലാ ലേബർ ഓഫീസർ ഉറപ്പുവരുത്തണം. അപകടകരമായ വൃക്ഷങ്ങൾ, മരച്ചില്ലകൾ, കായ്ഫലങ്ങൾ എന്നിവ വെട്ടിമാറ്റുന്നതിന് ആവശ്യമായ നടപടി  സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് യോഗത്തിൽ നിർദേശം നൽകി.  വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട നടപടി  സ്വീകരിക്കാൻ അഡീഷണൽ- മൈനർ - മേജർ ഇറിഗേഷൻ ഡിപ്പാർട്‌മെന്റുകളോട് യോഗത്തിൽ ആവശ്യപ്പെട്ടു. പിഡബ്ല്യുഡി, പഞ്ചായത്ത്  നേതൃത്വത്തിൽ കാന വൃത്തിയാക്കൽ ജില്ലയിലുടനീളം പുരോഗമിക്കുകയാണ്.   മഴക്കാലമുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് 106 ലക്ഷം രൂപയാണ് പിഡബ്ല്യുഡി റോഡ് വിഭാഗത്തിനായി അനുവദിച്ചിരിക്കുന്നത്. ഇതിൽ 99 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് പിഡബ്ല്യുഡി റോഡ് വിഭാഗം വ്യക്തമാക്കി. കെഎസ്ഇബിയും മുന്നൊരുക്കങ്ങൾ നടത്തിയതായി യോഗത്തിൽ അറിയിച്ചു. പ്രളയബാധിത സ്ഥലങ്ങളിൽ ട്രാൻസ്‌ഫോർമർ ഉയർത്തിവയ്ക്കുന്നതടക്കമുള്ള നടപടി  പുരോഗമിക്കുകയാണ്.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ്, കലക്ടർ വി ആർ കൃഷ്ണതേജ, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News