അവധിക്ക്‌ ‘അവധി’ ഞായറും ഹാജർ



തൃശൂർ  ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവർത്തിച്ചു. കോവിഡ് പ്രതിസന്ധിമൂലം തുടർനടപടികൾ വൈകിയ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനാണ് സർക്കാർ എല്ലാ ജില്ലകളിലും തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്.  ജൂൺ 15 മുതൽ സെപ്‌തംബർ 30വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം. മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിച്ചാണ്‌ കുടിശ്ശിക ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നത്‌.   ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസുകളടക്കം ആയിരത്തിലധികം ഓഫീസുകളിൽ ജീവനക്കാർ ഞായറാഴ്ച ജോലിക്ക് ഹാജരായി  ഫയലുകൾ നോക്കി.  തൃശൂർ കലക്ടറേറ്റിലെ ഓഫീസുകളിൽ ജീവനക്കാർ ഹാജരായി കുടിശ്ശിക ഫയൽ തീർപ്പാക്കി. എല്ലാ താലൂക്ക്, നഗരസഭ, പഞ്ചായത്ത് ഓഫീസുകളും കൂടാതെ ജില്ലാ ഓഫീസുകൾ, ട്രഷറികൾ, വില്ലേജ് ഓഫീസുകൾ, വിദ്യാഭ്യാസ ഓഫീസുകൾ, കൃഷി ഓഫീസുകൾ, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ പ്രധാനപ്പെട്ട ഓഫീസുകളും കുടിശ്ശിക ഫയൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി തുറന്നു പ്രവർത്തിച്ചു.  സന്ദർശകർക്ക്‌ പ്രവേശനമില്ലാതെയാണ്‌ ഓഫീസുകൾ പ്രവർത്തിച്ചത്‌.ജില്ലയിലെ സർക്കാർ ഓഫിസുകളിൽ 85 ശതമാനം പേർ ഹാജരായി.  പൊതുമരാമത്ത്​ വകുപ്പ്​, ഭൂമി ഏറ്റെടുക്കൽ ഓഫിസ്​ തുടങ്ങി ചില ഓഫിസുകൾ തുറന്നെങ്കിലും പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരുന്ന ഫയലുകൾ തീർപ്പാക്കാനായില്ല. Read on deshabhimani.com

Related News