വനഭൂമി പട്ടയ വിതരണത്തിന് 
പ്രത്യേക ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

വനഭൂമി പട്ടയ വിതരണത്തിന് പ്രത്യേക ഓഫീസ് റവന്യൂമന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ  ജില്ലക്കിത് സ്വപ്നസാക്ഷാൽക്കാരം. വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന് പ്രത്യേക ഓഫീസ് വേണമെന്ന നാലു പതിറ്റാണ്ടിലേറെ നീണ്ട സ്വപ്നം യാഥാർഥ്യമായി. വനഭൂമി പതിവ് സ്പെഷ്യൽ തഹസിൽദാരുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു.   പട്ടയങ്ങളിൽ ഏറ്റവും സങ്കീർണമായ നടപടിക്രമങ്ങളാണ് വനഭൂമി പട്ടയങ്ങളുടേതെന്നും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടു കൂടി മാത്രമേ ഇവ നൽകാനാവൂ എന്നും മന്ത്രി പറഞ്ഞു.  സങ്കീർണ നടപടിക്രമങ്ങൾ   പൂർത്തിയാക്കുന്നതിന് പ്രത്യേക ഓഫീസ് അനിവാര്യമാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള  ആവശ്യമാണ്‌   യാഥാർഥ്യമായത്‌.     വനഭൂമി പട്ടയത്തിന് കേന്ദ്രാനുമതി ലഭിച്ചിട്ടും ജെവിആർ ഇല്ലാത്തതിനാൽ പട്ടയ വിതരണം സാധ്യമാവാത്ത നിരവധി കേസുകളിൽ ഉൾപ്പെടെ പരിഹാരം കാണാൻ നിയമഭേദഗതിയിലൂടെ സർക്കാരിന് സാധിച്ചതായും മന്ത്രി പറഞ്ഞു. 18 തസ്തികകളോടെയാണ് സ്പെഷ്യൽ തഹസിൽദാരുടെ നേതൃത്വത്തിൽ പ്രത്യേക ഓഫീസ് കലക്ടറേറ്റിന്റെ രണ്ടാം നിലയിൽ പ്രവർത്തനം ആരംഭിച്ചത്.   ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി.  എംഎൽഎമാരായ എ സി മൊയ്തീൻ, കെ കെ രാമചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ഡെപ്യൂട്ടി മേയർ എം എൽ റോസി,   കലക്ടർ വി ആർ കൃഷ്ണതേജ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, സബ് കലക്ടർ മുഹമ്മദ് ഷെഫീക്, സ്പെഷ്യൽ തഹസിൽദാർ വി ആർ ഷീജൻ  തുടങ്ങിയവർ  സംസാരിച്ചു. Read on deshabhimani.com

Related News