ഗവ. മെഡിക്കല്‍ കോളേജില്‍ അപൂർവ ശസ്ത്രക്രിയ



തൃശൂർ കോവിഡിന്റെ പേരിൽ ആശുപത്രികൾ ശസ്ത്രക്രിയകൾ നീട്ടിവയ്‌ക്കുന്നതിനിടെ അപൂർവ ശസ്ത്രക്രിയാനേട്ടവുമായി ഗവ. മെഡിക്കൽ കോളേജ്.  യുവതിയുടെ നട്ടെല്ലിൽ നിന്നും നെഞ്ചിലൂടെ ഹൃദയത്തിനടുത്തെത്തിയ ഒരു കിലോ ഭാരമുള്ള മുഴയാണ് ന്യൂറോ സർജറി, കാർഡിയോ തെറാസിക് സർജറി, അനസ്തീഷ്യ എന്നീ വിഭാഗങ്ങൾ കൈകോർത്ത് നീക്കം ചെയ്തത്.  പുതുരുത്തി സ്വദേശിനിയായ 27കാരി സുനിതയ്‌ക്കാണ് പത്ത് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വഴി മെഡിക്കൽ കോളേജ് ആശ്വാസമേകിയത്. നട്ടെല്ലിൽ മുഴയായിട്ടാണ് രോഗി ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സ തേടിയത്. പിന്നീട് നടത്തിയ  വിശദപരിശോധനയിൽ മുഴ വളർന്ന് ഹൃദയത്തിനടുത്തെത്തിയത് കണ്ടെത്തി. തുടർന്ന് കാർഡിയോ തൊറാസിക് വിഭാഗവുമായി ബന്ധപ്പെട്ട് യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചുവരുന്ന യുവതി  ആശുപത്രി വിടാനൊരുങ്ങുകയാണ്.  ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.ആർ ബിജു കൃഷ്ണൻ, കാർഡിയോ തെറാപ്പിക് വിഭാഗം മേധാവി ഡോ.കൊച്ചുകൃഷ്ണൻ, ഡോ.ലിജോ കൊള്ളന്നൂർ, ഡോ.രഞ്ജിത്ത്, ഡോ.റോണി, ഡോ.എലിസബത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്. Read on deshabhimani.com

Related News