108 ആംബുലന്‍സ്‌ ആശുപത്രിയായി; ആദിവാസി യുവതിക്ക്‌ സുഖപ്രസവം



ചാലക്കുടി വനാന്തരങ്ങൾ താണ്ടി ആ 108 ആംബുലൻസ്‌ ചീറിപ്പാഞ്ഞു. വണ്ടിയിൽ പ്രസവവേദനയുമായി പുളയുന്ന ആദിവാസിയുവതിയെ  ചാലക്കുടിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, എത്തുംമുമ്പേ പ്രസവിച്ചു. വണ്ടി വേഗംകുറച്ച്‌ യുവതിയെ ആംബുലൻസ്‌ ജീവനക്കാർ  സഹോദരങ്ങളെപ്പോലെ പരിചരിച്ചു. അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി കോളനിയിലെ മുകളിന്റെ ഭാര്യ പ്രസീദ(19)യ്‌ക്കാണ് ആംബുലൻസ് പ്രസവ മുറിയായത്. വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്സ്  സി ഇന്ദു, എമർജൻസി മെഡിക്കൽ ടെക്നീഷൻ ജിബിൻ ജോയ്, ഡ്രൈവർ   വി എസ്‌ വിഷ്ണു  എന്നിവരുടെ സേവനത്തിൽ ഒരു കുഴപ്പവും കൂടാതെ യുവതി ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകി.  ഞായറാഴ്ച പകൽ 3.15ഓടെയാണ് യുവതിയുമായി വാച്ചുമരത്തുനിന്നും ആംബുലൻസ് പുറപ്പെട്ടത്.  4.10ഓടെ ആനമല ജങ്‌ഷനിലെത്തിയപ്പോഴേക്കും യുവതി പ്രസവിച്ചു. ടൗണായതിനാൽ വാഹനം നിർത്താതെ വേഗം കുറച്ച് പ്രഥമശുശ്രൂഷകൾ നൽകി. തുടർന്ന് വേഗം നിയന്ത്രിച്ച് അമ്മയേയും കുഞ്ഞിനേയും സുരക്ഷിതമായി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. Read on deshabhimani.com

Related News