ഗൃഹപ്രവേശത്തിനായി വീട്ടുപകരണ കവർച്ച, 3 പേർ അറസ്‌റ്റിൽ

ആരിഫ് , വിജീഷ് , അരുൺകുമാർ


തൃശൂർ വാടകവീട്ടിലേക്ക്   മാറുന്നതിനു മുന്നോടിയായി   സൂപ്പർമാർക്കറ്റ്‌ കുത്തിത്തുറന്ന്‌  വീട്ടുപകരണങ്ങൾ കവർച്ച ചെയ്‌ത  അന്തർ സംസ്ഥാന മോഷണസംഘം അറസ്‌റ്റിൽ.   കോഴിക്കോട് വെളിമാടുകുന്ന് സ്വദേശി ആരിഫ് (37),  പെരിഞ്ഞനം സ്വദേശി  വിജീഷ് (32), എറണാകുളം പറവൂർ നീണ്ടൂർ  കൊണ്ടോളി പറമ്പിൽ  അരുൺകുമാർ (35 ) എന്നിവരെയാണ്‌   കമീഷണർ ആർ ആദിത്യയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്‌.   പ്രതികളിൽ നിന്ന്‌ കഞ്ചാവും മയക്കുമരുന്നും പിടികൂടി.   കേരളം, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിൽ നിരവധി  കേസുകളിലെ പ്രതികളാണ്‌ പിടിയിലായതെന്ന്‌ പൊലീസ്‌ പറഞ്ഞു. ജൂലൈ ഒന്നിന്‌ പുലർച്ചെ     പറവട്ടാനിയിലുള്ള  കുക്കൂസ്‌ ട്രേഡേഴ്‌സിന്റെ   അകത്തുകടന്ന് കട്ടിലുകൾ, കിടക്കകൾ, ഗ്യാസ് സ്റ്റൗ, അലുമിനിയം പാത്രങ്ങൾ,  ചവിട്ടികൾ, തുടങ്ങി നിരവധി സാധനങ്ങളും പണവുമാണ്‌ സംഘം കവർന്നത്‌.  പൊലീസിന്റെ ജാഗ്രതയാർന്ന അന്വേഷണത്തിൽ 10  മണിക്കൂറിനുള്ളിൽ മോഷ്ടാക്കളായ മൂവർസംഘം കുടുങ്ങി.  വീട്ടുസാധനങ്ങളാണ് മോഷണം നടത്തിയതെന്നും മുതലുകൾ കടത്താൻ  വാഹനങ്ങൾ  ഉപയോഗിച്ചതായും  പൊലീസിന്‌ സൂചന ലഭിച്ചു.  നഗരത്തിനടുത്ത്‌  പുതിയ വാടക വീടെടുത്തിട്ടുള്ളവരിൽ വാഹനങ്ങൾ സ്വന്തമായുള്ളവരെക്കുറിച്ചുള്ള  അന്വേഷണത്തിനൊടുവിലാണ്   മോഷണസംഘം അറസ്റ്റിലാകുന്നത്. ആരിഫും വിജീഷും തൃശൂർ ലോഡ്‌ജിലാണ്‌ താമസം. വാടക വീടിന്റെ ഉടമയുമായുള്ള തർക്കത്തെത്തുടർന്ന്‌  അരുൺ പുതിയ വാടകവീട്ടിലേക്ക് താമസം മാറേണ്ടി വന്നപ്പോഴാണ്‌  വീട്ടുപകരണങ്ങൾ കവർച്ച ചെയ്യാൻ തീരുമാനിച്ചത്‌.  ഇതിനായി  പറവട്ടാനിയിലെ  സ്ഥാപനം കണ്ടുവയ്‌ക്കുകയും കൂട്ടുപ്രതികളുമൊത്ത്    കവർച്ച നടത്തുകയുമായിരുന്നു. വിയ്യൂരിലെ വാടക വീട്ടിൽ നിന്ന്‌ കവർച്ചാ  സാമഗ്രികൾ  കണ്ടെത്തി. തൃശൂർ  ഈസ്റ്റ്  സിഐ ലാൽകുമാറിന്റെ  നേതൃത്വത്തിൽ ഈസ്റ്റ് എസ്ഐ നിഖിൽ, ഷാഡോ പൊലീസ് അംഗങ്ങളായ എസ്ഐമാരായ എൻ ജി സുവൃതകുമാർ,  പി എം റാഫി, കെ ഗോപാലകൃഷ്ണൻ , പി രാഗേഷ്, എഎസ്ഐ ഗോപി,  സിസിപിഒമാരായ  ടി വി ജീവൻ, പി കെ പളനിസ്വാമി, സിപിഒമാരായ എം എസ്  ലിഗേഷ്,  കെ ബി വിപിൻദാസ്എ ന്നിവരടങ്ങുന്ന സംഘമാണ്  പ്രതികളെ  പിടികൂടിയത്‌. പ്രതികളിൽ നിന്ന്‌ കഞ്ചാവും കണ്ടെടുത്തു തൃശൂർ അറസ്റ്റിലായ പ്രതികളിൽ നിന്ന്‌ കഞ്ചാവും മയക്കുമരുന്നും കണ്ടെടുത്തു.   മോഷണമുതലുകൾ സൂക്ഷിച്ച  വാടക വീട്ടിൽ   റെയ്ഡ്‌ നടത്തിയപ്പോഴാണ്‌   950 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്‌.  അറസ്റ്റിലായ മൂന്നുപേരും കഞ്ചാവ്, ലഹരി ഗുളികകൾ  , മദ്യം എന്നിവക്ക്‌ അടിമകളാണ്. മോഷണം തൊഴിലാക്കിയ പ്രതികൾ മോഷണ  സാധനങ്ങൾ  പല സ്ഥലങ്ങളിൽ വിൽക്കുകയാണ്‌ പതിവ്‌.  കിട്ടുന്ന പണം ആഡംബര ഹോട്ടലുകളിൽ താമസിക്കുന്നതിനും, വിനോദയാത്രകൾ ക്കും, ലഹരിവസ്തുക്കൾ വാങ്ങുന്നതിനും ആണ് ഉപയോഗിച്ചിരുന്നതെന്ന്‌ പ്രതികൾ മൊഴി നൽകിയതായി പൊലീസ്‌ പറഞ്ഞു.   Read on deshabhimani.com

Related News