കരുതലായി 14 കുടുംബാരോഗ്യകേന്ദ്രങ്ങൾകൂടി



  തൃശൂർ ആരോഗ്യരംഗത്ത് കരുത്തും കരുതലുമായി  ജില്ലയിൽ 14 പിഎച്ച്സികൾകൂടി  കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തി. ഇതോടെ  ജില്ലയിൽ  32 കുടുംബാരോഗ്യകേന്ദ്രങ്ങളായി.  ഗ്രാമീണ ആരോഗ്യമേഖലയിൽ രോഗികൾക്ക്‌ ഇത്‌ ഏറെ സഹായമാകും. സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ പദ്ധതി പൂർത്തീകരിച്ചത്‌. ‌ തിങ്കളാഴ്ച രാവിലെ 10.30ന്‌ ‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻവഴി ഉദ്‌ഘാടനം നിർവഹിക്കും. മന്ത്രി കെ കെ ശൈലജ അധ്യക്ഷയാവും. അതത്‌  ആരോഗ്യകേന്ദ്രങ്ങളിലും  തൽസമയചടങ്ങുകളുണ്ടാവും.   ഗ്രാമങ്ങളിൽ 13 പിഎച്ച്‌സികളും ഗുരുവായൂരിൽ  ഒരു യുഎഫ്‌എച്ച്‌‌സിയുമാണ്‌ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തിയത്‌. പൂക്കോട്‌,  ഏങ്ങണ്ടിയൂർ, പട്ടിക്കാട്‌,  ആളൂർ, കുഴൂർ, മാമ്പ്ര, ആർത്താറ്റ്‌, പോർക്കുളം, കൊടകര, കയ്‌പമംഗലം, മാടവന,  എളനാട്‌, കക്കാട്‌ എന്നീ പിഎച്ച്‌സികളാണ്‌  എഫ്‌എച്ച്‌‌സികളാക്കി  നാടിന്‌ സമർപ്പിക്കുന്നത്‌.    ഓരോ കേന്ദ്രത്തിലും 20 ലക്ഷം രൂപയുടെ നവീകരണപ്രവൃത്തികൾ ഇതിന്റെ ഭാഗമായി പൂർത്തീകരിച്ചു.  ദേശീയ  ആരോഗ്യമിഷൻ, സംസ്ഥാന സർക്കാർ, എംപി, എംഎൽഎ, പഞ്ചായത്ത്‌ ഫണ്ടുകൾ വഴിയാണ്‌ നവീകരണം പൂർത്തീകരിച്ചതെന്ന്‌ എൻഎച്ച്‌എം ജില്ലാ മാനേജർ ഡോ. ടി വി സതീശൻ പറഞ്ഞു.   രജിസ്ട്രേഷൻ കൗണ്ടർ, ഒ പി വിഭാഗം, ഡോക്ടേഴ്സ് ക്യാബിൻ, പരിശോധനമേശ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്‌.  രോഗികളെ  പരിശോധിക്കാനുള്ള നിരീക്ഷണമുറി, ഫാർമസി, എസി മരുന്ന് സ്റ്റോർ റും, ലാബ് എന്നിവയെല്ലാം  നവീകരിച്ചു.  വിശ്രമകേന്ദ്രത്തിൽ   കസേരകൾ, കുടിവെള്ളം, ടെലിവിഷൻ എന്നിവയെല്ലാം  സ്ഥാപിക്കാനാണ്‌ പദ്ധതി.  ആരോഗ്യകേന്ദ്രങ്ങളിലെല്ലാം മൂന്ന്‌ ഡോക്ടർമാരെയും നാല്‌ സ്‌റ്റാഫ്‌നേഴ്സുമാരെയും ലാബുൾപ്പെടെ മറ്റു ജീവനക്കാരെയും നിയമിക്കും. കോവിഡ്‌ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം കൂടുതൽ ആവശ്യമുള്ളതിനാൽ  കുടുംബാരോഗ്യകേന്ദ്രങ്ങളിലെ  ജീവനക്കാരെയും താൽക്കാലികമായി വിനിയോഗിക്കും. ഇതിനുശേഷം വൈകിട്ട്‌ ആറുവരെ ആരോഗ്യസേവനം ലഭിക്കും.     നേരത്തേ മുണ്ടൂർ, മണലൂർ, തെക്കുംകര, ദേശമംഗലം, പൊയ്യ, പൂമംഗലം, പുത്തൂർ, പാറളം, വേലൂർ, നെന്മണിക്കര,  വെങ്കിടങ്ങ് (പാടൂർ),  കൂളിമുട്ടം, പുന്നയൂർ, പരിയാരം, തളിക്കുളം, എളനാട്, കാറളം, നടത്തറ, എന്നിവയെല്ലാം കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയിരുന്നു. Read on deshabhimani.com

Related News