ദേശീയപാതയിൽ ലെയിൻ ട്രാഫിക് കർശനമാക്കി



 ദേശീയപാതയിൽ ലെയിൻ ട്രാഫിക് കർശനമാക്കി തൃശൂർ ദേശീയപാതയിൽ ലെയിൻ ട്രാഫിക് നിബന്ധനകൾ  നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ,  പാത കടന്നുപോകുന്ന ഭാഗങ്ങളിൽ ശക്തമായ നടപടികൾ ആരംഭിച്ചതായി സിറ്റി പൊലീസ് കമീഷണർ അങ്കിത്‌ അശോകൻ പറഞ്ഞു.  ദേശീയപാത നാലുവരിയായി കടന്നുപോകുന്ന സ്ഥലങ്ങളിൽ വേഗം കുറഞ്ഞ രീതിയിൽ സഞ്ചരിക്കുന്ന വലിയ ചരക്കുവാഹനങ്ങൾ, ട്രെയിലറുകൾ തുടങ്ങിയവ റോഡിന്റെ ഇടതുവശത്തെ ട്രാക്കിലൂടെ സഞ്ചരിക്കണം. വേഗത്തിൽ സഞ്ചരിക്കേണ്ട വാഹനങ്ങൾ ദേശീയ പാതയുടെ വലതുവശത്തെ ട്രാക്കിലൂടെ കടന്നുപോകണം.  കൂടാതെ, കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുന്ന മുഴുവൻ വാഹനങ്ങളും ഇടതുവശത്തെ ട്രാക്കിലൂടെ സഞ്ചരിക്കണം. മറികടക്കേണ്ടി വരികയാണെങ്കിൽ, സുരക്ഷിതമായ അകലം പാലിച്ച്, മുന്നിൽ പോകുന്ന വാഹനത്തിന്റെ വലതു വശത്തുകൂടി മാത്രം പോവുക.  ദേശീയപാതകളിൽ ലൈൻ ട്രാഫിക് കർശനമായി പാലിക്കുന്നതിന് പൊലീസ്‌ ചെക്പോസ്റ്റുകളിലും ടോൾബൂത്തുകളിലും വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണം തുടങ്ങി.  പൊലീസ് നടത്തുന്ന പരിശോധനയിൽ ലൈൻ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തിയാൽ അവ തടഞ്ഞു നിർത്തുകയില്ല. എന്നാൽ വീഡിയോ ക്യാമറ, ഡാഷ് ക്യാമറ, ശരീരത്തിൽ ധരിക്കുന്ന ക്യാമറ എന്നിവ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ കണ്ടെത്തി, വാഹന ഉടമയ്ക്കും  ഡ്രൈവർക്കുമെതിരെ നടപടി  സ്വീകരിക്കും.  ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും  പൊതുജനങ്ങൾക്ക്‌ കേരള പൊലീസിന്റെ ‘ശുഭയാത്ര’ ഹെൽപ്പ് ലൈൻ നമ്പർ 9747001099 ലേക്ക് വാട്സാപ്‌ വഴി അയക്കാം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും. Read on deshabhimani.com

Related News