അവലോകന യോഗം ചേർന്നു



പുതുക്കാട്  പുതുക്കാട് മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ മിനി സിവിൽ സ്റ്റേഷന്റെ നിർമാണം  പുതുക്കാട് ടൗണിൽ  ഉടനെ ആരംഭിക്കും. ഇതിനായി കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും  യോഗം വിളിച്ചുചേർത്തു. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, വിവിധവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഒന്നാംഘട്ടത്തിൽ മൂന്നുനിലകളിലായിട്ടാണ് നിർമാണം നടത്തുക. ഗ്രൗണ്ട് ഫ്ലോറിൽ വിപുലമായ പാർക്കിങ്‌ സൗകര്യം, സെക്യൂരിറ്റി റൂം, എടിഎം കൗണ്ടർ എന്നിവ ഉൾപ്പെടുന്നതാണ്. ആദ്യ നിലയിൽ മിനി കോൺഫറൻസ്  ഹാളും സബ് ട്രഷറിയും തൊറവ് വില്ലേജ് ഓഫീസും ഉൾപ്പെടുന്നു.  നിർദിഷ്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിക്കും  ആദ്യ നിലയിൽ സ്ഥലം  ഒരുക്കിയിട്ടുണ്ട്.  സബ് ട്രഷറിക്കും കോടതിക്കും  പ്രത്യേകം എൻട്രൻസ് നൽകും. രണ്ടാം നിലയിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഓഫീസും  എംഎൽഎ ഓഫീസും  നിർദിഷ്ട എക്സൈസ് ഓഫീസും  മൈനർ ഇറിഗേഷൻ ഓഫീസും  ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസും നിർദിഷ്ട ജോയിന്റ് ആർടിഒ ഓഫീസും പ്രവർത്തിക്കും. കൊടകര ബ്ലോക്ക് ഓഫീസിനും  എട്ട് ബ്ലോക്ക് അനുബന്ധ ഓഫീസുകൾക്കും  രണ്ടാംഘട്ടത്തിൽ മൂന്ന്, നാല് നിലകളിലായി സൗകര്യം ഒരുക്കുന്നതിനാണ് പദ്ധതി വിഭാവനംചെയ്തിട്ടുള്ളത്. ഇത്തരത്തിൽ ഒന്നാംഘട്ടത്തിന്റെ  ഡിസൈൻ ഉൾപ്പെടെയുള്ള  നടപടികൾ പൂർത്തീകരിച്ച് നിർമാണത്തിന് ആവശ്യമായ എല്ലാ അനുമതിയും 2022 ഡിസംബറിൽ ലഭ്യമാക്കി 2023 ജനുവരിയിൽ നിർമാണം ആരംഭിക്കുന്നതിനാണ്  യോഗത്തിൽ നിർദേശിച്ചിട്ടുള്ളത്. Read on deshabhimani.com

Related News