കന്നുകാലികൾക്ക് വാക്സിനേഷൻ; ഇടപഴകിയവർ നിരീക്ഷണത്തിൽ



തൃശൂർ അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ  പന്നികളുമായി ഇടപഴകിയവരും പന്നിയിറച്ചി കഴിച്ചവരും  നിരീക്ഷണത്തിൽ. ഇരുപതോളം പേരെയാണ്‌ ആരോഗ്യവകുപ്പ്‌  നിരീക്ഷണത്തിലാക്കി ചികിത്സയ്‌ക്ക്‌ വിധേയരാക്കിയത്‌.    മൃഗസംരക്ഷണ വകുപ്പിന്റെയും വനംവകുപ്പിന്റെയും  നേതൃത്വത്തിൽ അതിരപ്പിള്ളി മേഖലയിൽ രോഗപ്രതിരോധ നടപടികളും ആരംഭിച്ചു.   അതിനിടെ വ്യാഴാഴ്‌ച  അതിരപ്പിള്ളിയിൽ മ്ലാവിന്റെ  ജഡം കണ്ടെത്തി. അതിരപ്പിള്ളി കണ്ണംകുഴിക്ക് സമീപമാണ് വനത്തിൽ മ്ലാവിന്റെ ജഡം കണ്ടത്. ഇത്‌ ആശങ്കയ്‌ക്കിടയാക്കി.  വനംവകുപ്പിന്റെ നേതൃത്വത്തിൽ സ്രവം പരിശോധനയ്‌ക്കയച്ചു. പരിശോധനാഫലം വന്നാലേ മരണകാരണം വ്യക്തമാകൂ. അതിരപ്പിള്ളി, പരിയാരം  പഞ്ചായത്തിൽ വനമേഖലയുടെ അതിർത്തിയിലുള്ള കന്നുകാലികളിൽ വാക്‌സിനേഷൻ ആരംഭിച്ചു.  പറവട്ടാനി വെറ്ററിനറി കേന്ദ്രത്തിലെ ചീഫ്‌ വെറ്ററിനറി ഓഫീസർ ഡോ. ലത മേനോൻ,  ഡിസ്ട്രിക്ട്‌ ലാബ്‌ ഓഫീസർ ഡോ. സുനിത കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പധികൃതരും ചേർന്ന്‌ ബോധവൽക്കരണം നടത്തി.     അതിരപ്പിള്ളി മേഖലയിൽ കാട്ടുപന്നികളിലുണ്ടായ  ആന്ത്രാക്സ് ബാധയിൽ ആശങ്ക വേണ്ടെന്ന്  കലക്ടർ ഹരിത വി കുമാർ പറഞ്ഞു. മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണ്‌.  പ്രദേശത്തെ  വളർത്തുമൃഗങ്ങളിൽ ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ല. മേഖലയിൽ പന്നിയിറച്ചി കഴിച്ചവർക്ക് പ്രതിരോധമരുന്ന് കൊടുത്തു തുടങ്ങിയതായും കലക്ടർ വ്യക്തമാക്കി. ആന്ത്രാക്‌സ് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനും മുൻകരുതൽ നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി  പറവട്ടാനി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നതായി  ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ  ജി സുരജ അറിയിച്ചു.  ചാവുന്ന  പന്നികളെ  ആറടി ആഴത്തിൽ കുഴിയെടുത്ത്‌ സംസ്‌കരിക്കാനും കന്നുകാലികൾ ചത്താൽ ഉടൻ അറിയിക്കാനും നിർദേശിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.   അതിരപ്പിള്ളി വനമേഖലയിൽ ഒരാഴ്ചയ്ക്കിടെ ഏതാനും കാട്ടുപന്നികൾ ചത്തിരുന്നു.  കാട്ടുപന്നികളുടെ അവശിഷ്ടങ്ങൾ മണ്ണുത്തി വെറ്ററിനറി സർവകലാശാലാ ലാബിൽ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് ആന്ത്രാക്‌സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. Read on deshabhimani.com

Related News